മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍.ഗോപകുമാറിന്‍റെ സ്മരാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന നല്‍കുന്ന ടിഎന്‍ജി പുരസ്കാരം നിപ്പ ബാധിതരെ  ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിക്ക്. പ്രേക്ഷകരുടെ വോട്ടെടുപ്പില്‍ 58 ശതമാനം പേരും ലിനിയുടെ പേരാണ് പുരസ്കാരത്തിനായി നിര്‍ദേശിച്ചത്. 

തിരുവനന്തപുരം: മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍.ഗോപകുമാറിന്‍റെ സ്മരാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന നല്‍കുന്ന ടിഎന്‍ജി പുരസ്കാരം 
നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിക്ക്. ജൂറി തയ്യാറാക്കിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരാണ് ലിനിയെ അവാർഡിനായി തെരഞ്ഞെടുത്തത്. 

നിപ്പ ബാധിത്തനായ സാബിത്തിനെ ചികിത്സിച്ച ധീരതയും അർപ്പണബോധവുമുള്ള നഴ്സായിരുന്നു ലിനി. നിപ്പയെന്ന മാരക രോഗത്തിൽ നിന്ന് കേരളം രക്ഷപ്പെട്ടു നിൽക്കുന്നുവെങ്കിൽ അതിന് നമ്മൾ പേരാമ്പ്ര സർക്കാരാശുപത്രിയിൽ ജോലി ചെയ്തിരുന്ന ലിനിയോട് കടപ്പെട്ടിരിക്കുകയാണ്. 

വീട്ടിൽ തനിക്കായി കാത്തിരുന്ന കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍പോലും മാറ്റി വെച്ചാണ് കടുത്ത പനിയുമായെത്തിയ സാബിത്തിനെ മുഴുവൻ സമയം കൂടെ നിന്ന് ലിനി ശുശ്രൂഷിച്ചത്. അതൊരു സാധാരണപനിയല്ലെന്ന് മനസിലായിട്ടും പിന്തിരിഞ്ഞില്ല. വൈറസ് ബാധയേറ്റെന്ന് അറിഞ്ഞിട്ടും മനോധൈര്യത്തോടെ നേരിട്ടു. പകരുമെന്ന് ബോധ്യമുണ്ടായതിനാൽ അടുത്ത ബന്ധുക്കളെപ്പോലും കാണാതെയാണ് അവൾ മരണത്തിന് കീഴടങ്ങിയത്. നിപ്പയോളം മലയാളി ചർച്ച ചെയ്ത പേരാണ് ലിനിയുടേത് . ലിനിക്ക് ലഭിക്കുന്ന ടിഎൻജി അവാർഡിലൂടെ കേരളത്തിലെ ആരോഗ്യ മേഖല ഒന്നാകെ ആദരിക്കപ്പെടുകയാണ്. 

എൻഡോസൾഫാൻ ചികിത്സാ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ ഡോ. മോഹൻ കുമാർ, വനിതാ തൊഴിലാളികൾക്ക് അന്തസ്സോടെ ജോലി ചെയ്യാനുള്ള അവകാശം നേടിയെടുക്കാൻ വേണ്ടി പോരാടിയ പെൺകൂട്ടിന്റെ അമരക്കാരി വിജി എന്നിവരാണ് പുരസ്കാര ജേതാക്കൾക്കുള്ള അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്. 

ഈ മൂന്ന് പേരിൽ നിന്നും പ്രേക്ഷക വോട്ടെടുപ്പിലൂടെയാണ് ലിനിയെ അവാർഡിനായി തെരഞ്ഞെടുത്തത്. 58 ശതമാനം വോട്ടാണ് ലിനിക്ക് ലഭിച്ചത്. ജനുവരി 30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. മുൻ ചീഫ് സെക്രട്ടറി വിജയാനന്ദ്, മുൻ അഡി ചീഫ് സെക്രട്ടറി ലിഡ ജേക്കബ്, സി ബാലഗോപാൽ എന്നിവരടങ്ങിയ ജൂറിയാണ് ലിനിയെ മൂന്നാമത്ത് ടിഎൻജി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.