മാനസിക വെല്ലുവിളി നേരിടുന്ന കുമാരന്‍ എന്ന അറുപത്തിയഞ്ചുകാരനെ കാണാതായിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിട്ടു.
കൊച്ചി: കണ്ണിലെ കൃഷ്ണമണി പോലെ കാത്തിട്ടും കണ്ണൊന്നു തെറ്റിയപ്പോള്‍ കാണാമറയെത്തെങ്ങോ പോയ സഹോദരനെ കണ്ടെത്താന്‍ സമൂഹത്തിന്‍റെ സഹായമഭ്യര്‍ഥിക്കുകയാണ് കളമശേരിയിലെ വയോധികരായ സഹോദരിമാര്‍ തങ്കമ്മയും ദേവകിയും. മാനസിക വെല്ലുവിളി നേരിടുന്ന കുമാരന്‍ എന്ന അറുപത്തിയഞ്ചുകാരനെ കാണാതായിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിട്ടു. എറണാകുളം കളമശ്ശേരി കുസാറ്റിന് സമീപത്താണ് ഇവരുടെ വീട്. തങ്കമ്മയുടെയും ദേവകിയുടെയും ഇളയ സഹോദരനാണ് കുമാരൻ. അവിവാഹിതനായ കുമാരൻ സഹോദരിമാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.ഓഗസ്റ്റ് 2 ന് വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കുമാരൻ പിന്നീടിതുവരെ തിരികെയെത്തിയിട്ടില്ല. എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പൊട്ടിക്കരയുകയാണ് സഹോദരിമാര്‍. എവിടെ പോയാലും വൈകിട്ട് 6 മണിക്ക് മുൻപ് കുമാരൻ തിരികെ വരുമായിരുന്നുവെന്നാണ് സഹോദരി ദേവകി പറയുന്നത്. കുമാരനെക്കുറിച്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കാണാതാകുന്ന സമയത്ത് വെള്ളമുണ്ടും വെള്ളഷര്‍ട്ടുമാണ് കുമാരൻ ധരിച്ചിരിക്കുന്നത്. തൊട്ടടുത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
