പിണറായി വിജയനെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി. തനിക്ക് ഒരു വര്‍ഷം വേണമെന്ന് വിഎസ്. നേരത്തെ തന്റെ നിര്‍ദ്ദേശപ്രകാരം ഏറ്റുമുട്ടലുകളെല്ലാം ഒഴിവാക്കി അച്ചടക്കമുള്ള നേതാവായി മത്സരിക്കാനിറങ്ങിയ വിഎസിനെ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലായിരുന്നു സീതാറാം യെച്ചൂരി. 91 സീറ്റിന്റെ അഭിമാനാര്‍ഹമായ വിജയം മറ്റൊരു പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിക്കുമോയെന്നായിരുന്നു സംശയം. ഒടുവില്‍ സംസ്ഥാനഘടകത്തിന്റെ തീരുമാനത്തിനൊപ്പം യെച്ചൂരി നിന്നു. എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയ വിഎസ് തന്റെ അനിഷ്‌ടം അറിയിച്ചതോടെ അദ്ദേഹം പരസ്യപ്രസ്താവനക്ക് മുതിരുമോയെന്നും സംശയമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് വാര്‍ത്താസമ്മേളന ഹാളിലേക്ക് വിഎസിനെയും കൂട്ടി യെച്ചൂരി എത്തിയത്. വിഎസിനെ പടക്കുതിരയെന്ന വിശേഷിപ്പിച്ച യെച്ചൂരി ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‍ട്രോയോടും അദ്ദേഹത്തെ ഉപമിച്ചു. 

പിന്നീട് വിഎസിനൊപ്പം താഴെയെത്തിയ യെച്ചൂരി അദ്ദേഹത്തെ യാത്രയാക്കിയ ശേഷമാണ് പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങിയത്. എതിരഭിപ്രായങ്ങളൊന്നും ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും യെച്ചൂരി വിഎസിന് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തീരുമാനം ശരിയായില്ലെന്ന് വിഎസ് ഇന്നു തന്നെ പറഞ്ഞെങ്കില്‍ അത് വിജയത്തിളക്കത്തിന് മങ്ങലേല്‍പ്പിക്കുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ അത്തരമൊരു പ്രതികരണം തടയാനാണ് സീതാറാം യെച്ചൂരി ശ്രമിച്ചത്.