ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ പിണറായി വിജയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസ് അച്യുതാനന്ദൻ ഒരു കുറിപ്പ് വായിക്കുന്നതിന്‍റെ ചിത്രം പുറത്തു വന്നിരുന്നു. കാബിനറ്റ് റാങ്കോടെ സർക്കാരിന്‍റെ ഉപദേശക പദവി, എൽഡിഎഫ് ചെയർമാൻ, സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റിൽ അംഗത്വം എന്നീ മൂന്നു കാര്യങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്.
ഈ കുറിപ്പ് യെച്ചൂരി വിഎസിന് നല്കിയതാണെന്ന പ്രചരണവും വന്നു. എന്നാൽ വിഎസ് ആണ് തനിക്ക് കുറിപ്പ് നല്കിയതെന്ന് ദില്ലിയിൽ തിരിച്ചെത്തിയ യെച്ചൂരി പറഞ്ഞു. ഈ കുറിപ്പ് പാർട്ടി ഓഫീസിൽ എത്തിയ യെച്ചൂരിയുടെ കൈയ്യിൽ ഉണ്ടായിരുന്നു. ക്യാമറയിൽ പ്രതികരിക്കാൻ തയ്യാറാവാത്ത യെച്ചൂരി വിഎസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അദ്ദേഹത്തിന്‍റെ കൈയ്യിൽ കുറിപ്പ് എത്തിക്കുകയായിരുന്നു എന്ന് വ്യക്തമാക്കി.
ആ കുറിപ്പ് വിഎസ് തനിക്ക് കൈമാറി. വിഎസിന്‍റെ കുറിപ്പ് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ വിഎസിന് പദവി തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും യെച്ചൂരി അറിയിച്ചു. വിഎസിന് ഉചിതമായ പദവി നല്കുമെന്ന് പിണറായിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ശേഷം കേന്ദ്ര നേതാക്കൾ പറഞ്ഞതാണ്. പദവി എറ്റെടുക്കുമെന്ന് വിഎസ് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അതിനു ശേഷം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗത്വം ഉൾപ്പടെയുള്ളവ ചൂണ്ടിക്കാട്ടി വിഎസ് കുറിപ്പ് നല്കിയതെന്തിനെന്ന ചോദ്യത്തിന് നേതൃത്വം വ്യക്തമായ ഉത്തരം നല്കുന്നില്ല.
അതേ സമയം സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകുന്നയാളല്ല താനെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ ക്യാബിനറ്റ് റാങ്കാവശ്യപ്പെട്ടുളള കുറിപ്പ് പുറത്തുവന്നത് വി എസ് അച്യുതാനന്ദന് നാണക്കേടായി. മകൻ അരുൺകുമാറാണ് കുറിപ്പെഴുതി വി എസിന് നൽകിയതെന്ന് പേഴ്സണൽ സ്റ്റാഫിലുളളവർ പറയുമ്പോള്‍ ഇത്തരം വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് അരുൺകുമാർ അറിയിച്ചു.
