കൊല്‍ക്കത്ത: സിപിഎം-കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രകാശ് കാരാട്ടിന് മുന്‍തൂക്കം. കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ത്തു. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസ് ബന്ധം അടവ് നയമായി സ്വീകരിക്കേണ്ടെന്നതാണ് കാരാട്ട് പക്ഷത്തിന്‍റെ നിലപാട്. നിലവിലെ നയത്തിലുറച്ച് മുന്നോട്ട് പോകണമെന്നും ഇവര്‍ നിലപാടെടുക്കുന്നു. ഫാസിസ്റ്റ് ശക്തികളുമായി പോരാടുന്നതിന് വിശാലസഖ്യത്തിന്‍റെ സാധ്യതകള്‍ തേടുമ്പോള്‍ കോണ്‍ഗ്രസുമായും ബന്ധമാകാം എന്നതാണ് യെച്ചൂരി പക്ഷത്തിന്‍റെ നിലപാട്.
അതേസമയം ബംഗാള്‍ ഘടകം സമവായ നീക്കങ്ങളുമായാണ് എത്തുന്നത്. ഇരുപക്ഷവും നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സംശയമുണ്ട്. കാരാട്ട് പക്ഷം ഇത് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്നലെ കാരാട്ടിന്‍റെയും യെച്ചൂരിയുടെയും കരട് രേഖകള്‍ അവതരിപ്പിക്കുക മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ വിഎസ് ഒഴികെയുള്ളവര്‍ യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തു.
സംഘപരിവാര്‍ ശക്തികള്‍ക്കെതരി മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന നിലപാട് വിഎസ് സ്വീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പോളിറ്റ് ബ്യൂറോയിലാകും അന്തിമ തീരുമാനമുണ്ടാകുക. ഇതിന് ശേഷമായിരിക്കും വോട്ടെടുപ്പിലേക്ക് നീങ്ങണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകുക.
