അറുപത് അംഗങ്ങൾ ഉണ്ടായിരുന്ന കോൺഗ്രസിന്റെ ഗുലാം നബി ആസാദിനെക്കാൾ രാജ്യസഭയിലെ യഥാർത്ഥ പ്രതിപക്ഷ നേതാവായി ഉയരാൻ ആറ് അംഗങ്ങളുടെ നേതാവായ യെച്ചൂരിക്ക് കഴിഞ്ഞു.

ഹൈദരാബാദ്: തളരാത്ത പോരാട്ട വീര്യത്തോടെയാണ് സീതാറാം യെച്ചൂരി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ മൂന്നു വർഷവും പിബിയിലെയും സിസിയിലെയും ഭൂരിപക്ഷമുള്ള വിഭാഗവുമായി യെച്ചൂരി സമരത്തിലായിരുന്നു. പാർട്ടിയിൽ തനിക്കാണ് പിന്തുണ എന്ന് തെളിയിച്ചു കൊണ്ടാണ് യെച്ചൂരി വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നത്.

രാജ്യസഭയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ ശബ്ദം രണ്ടു വർഷത്തിലധികം സീതാറാം യെച്ചൂരിയുടേതായിരുന്നു. തന്റെ പാർട്ടിക്ക് അംഗങ്ങൾ കുറവെങ്കിലും യെച്ചൂരിക്ക് പാർലമെന്റിൽ നിലപാട് സ്വീകരിക്കാൻ അത് തടസ്സമായിരുന്നില്ല. വ്യക്തതയോടെ പല വിഷയങ്ങളിലും യെച്ചൂരി പാർലമെന്റിൽ ഇടപെട്ടു. അറുപത് അംഗങ്ങൾ ഉണ്ടായിരുന്ന കോൺഗ്രസിന്റെ ഗുലാം നബി ആസാദിനെക്കാൾ രാജ്യസഭയിലെ യഥാർത്ഥ പ്രതിപക്ഷ നേതാവായി ഉയരാൻ ആറ് അംഗങ്ങളുടെ നേതാവായ യെച്ചൂരിക്ക് കഴിഞ്ഞു.

സംഘപരിവാറിന്റെ പ്രധാന എതിരാളിയായി യെച്ചൂരി മാറിയപ്പോൾ രണ്ടു തവണ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടന്നു. എന്നാൽ വ്യക്തിപരമായ അനിഷ്ടത്തിന്റെ പേരിൽ യെച്ചൂരിക്ക് രാജ്യസഭയിൽ ഒരു വട്ടം കുടി എത്താനുള്ള സാധ്യത സിപിഎമ്മിലെ എതിർപക്ഷം ഇല്ലാതാക്കി. ഈ ഭിന്നത രാഷ്ട്രീയ അടവുനയത്തിന്റെ പേരിലാണെന്ന് പ്രചരിക്കുമ്പോഴും ഹൈദരാബാദ് കോൺഗ്രസിൽ തന്നെ ഒഴിവാക്കുക എന്നതാണ് കാരാട്ട് പക്ഷം ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി തിരിച്ചറിഞ്ഞു. പശ്ചിമ ബംഗാൾ ഘടകത്തോടൊപ്പം പത്തിലധികം സംസ്ഥാനഘടകങ്ങളെ യെച്ചൂരി തനിക്കൊപ്പം കൊണ്ടു വന്നു.

പ്രകാശ് കാരാട്ടിന്റെ ശക്തികേന്ദ്രമായിരുന്ന തമിഴ്നാട്ടിലെ സമവാക്യങ്ങൾ മാറ്റി. പോരാടി നില്‍ക്കുന്ന ജമ്മു കശ്മീരിന്റെയും മഹാരാഷ്ട്രയുടെയും പിന്തുണ യെച്ചൂരിക്ക് നിർണ്ണായകമായി. സമ്പന്ന കുടുംബത്തിൽ ജനിച്ച യെച്ചൂരിയുടെ പല ബന്ധുക്കളും ഐഎഎസും ഐപിഎസുമൊക്കെ തെരഞ്ഞെടുത്തപ്പോൾ യെച്ചൂരിക്ക് ഇഷ്ട വിഷയം രാഷ്ട്രീയമായിരുന്നു. സിബിഎസ്ഇ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ച യെച്ചൂരി ദില്ലി സെന്റ് സ്റ്റീഫൻസിലും പിന്നീട് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലും ചേർന്നു.
അടിയന്തരാവസ്ഥകാലത്തെ ജയിൽവാസത്തോടെ ഡോക്ടറേറ്റ് നേടാനുള്ള ഗവേഷണം യെച്ചൂരി പാതി വഴിയിൽ ഉപേക്ഷിച്ചു. 1975-ൽ സിപിഎമ്മിൽ ചേർന്ന യെച്ചൂരി 85-ൽ കേന്ദ്രകമ്മിറ്റിയിലും 92-ൽ സിപിഎം പോളിറ്റ് ബ്യൂറോയിലും എത്തി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് ഇന്ത്യയിലെ പല നേതാക്കളുമായും നല്ല സൗഹൃദം പുലർത്തുന്ന യെച്ചൂരിക്ക് പാർട്ടി അനുവദിച്ചാൽ പ്രതിപക്ഷ ഐക്യ ശ്രമത്തിന്റെ നെടുംതൂണാകാൻ നിഷ്പ്രയാസം കഴിയും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ പോരാട്ടങ്ങളിലും പാർട്ടിയെ കരയകയറ്റുക എന്ന വലിയ ദൗത്യമാണ് സീതാറാം യെച്ചൂരിയെ കാത്തിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെ ചിരിയും സൗമ്യതയും വിടാതെ ഏത് പ്രതിസന്ധിയും മറികടക്കുന്ന യെച്ചൂരിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമോ എന്നറിയാൻ കാത്തിരിക്കാം.