കണ്ണവം: കൂത്തുപറമ്പില്‍ എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴുക്കുന്ന് സ്വദേശികളായ ബഷീർ, ഹംസ, അളകാപുരം സ്വദേശി റഹ്മാൻ, കീഴലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. 

വെള്ളിയാഴ്ച വൈകുന്നേരം കാക്കയങ്ങാട് ഗവണ്‍മെന്‍റ് ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്.

അതേ സമയം ശ്യാമപ്രസാദിന്‍റെ വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ സമാധാനപരമാണ്.