കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശിവഗിരിയില്‍ പ്രവേശിപ്പിച്ചതിനെ രൂക്ഷമായി എതിര്‍ത്ത് മഠത്തിലെ ഒരു വിഭാഗം സന്ന്യാസിമാര്‍. ശിവഗിരി മഠം ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് കഴിഞ്ഞ ദിവസം സമ്മേളനം നടത്തിയതെന്ന് സ്വാമി ഗുരുപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.21 വര്‍ഷത്തെ അകല്‍ച്ചയ്‌ക്ക് ശേഷം ഇന്നലെയാണ് വെള്ളാപ്പള്ളി നടേശന്‍ ശിവഗിരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്.

ശിവഗിരി മഠവും എസ്എന്‍ഡിപി യോഗവും ഒരുമിക്കുന്ന ചടങ്ങ് സന്ന്യാസിമാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണെന്നാണ് വെള്ളാപ്പള്ളി പറ‍ഞ്ഞത്.എന്നാല്‍ ഒരു വിഭാഗം സന്ന്യാസിമാര്‍ ഈ ലയനത്തെ ശക്തമായി എതിര്‍ക്കുന്നു. വെള്ളാപ്പള്ളിയെ ശിവഗിരിയില്‍ പ്രവേശിപ്പിച്ച വിഷയത്തില്‍ മഠം രണ്ട് തട്ടിലാണെന്ന് ഇതോടെ വ്യക്തമായി. ശിവഗിരി മഠം എസ്എന്‍ ട്രസ്റ്റിന് പാട്ടത്തിന് വിട്ടുകൊടുത്ത ഭൂമി തിരിച്ചുതരാതെ വെള്ളാപ്പള്ളിയും കൂട്ടരും കബളിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്

ദീര്‍ഘകാലം ശിവഗിരിയുമായി അകല്‍ച്ചയിലായിരുന്ന വെള്ളാപ്പള്ളി സ്വാമി വിശുദ്ധാനന്ദ മഠം പ്രസിഡന്‍റായതോടെയാണ് വീണ്ടും ചുവടുറപ്പിച്ചത്.പക്ഷേ മഠത്തിനുള്ളില്‍ നിന്നുള്ള എതിര്‍പ്പ് വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കും.