കൊച്ചി: മിശ്ര വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ കടുത്ത പീഡനങ്ങള്‍ക്കിരയാക്കിയെന്ന നിരവധി യുവതികളുടെ പരാതിയില്‍ നിലപാടറിയിച്ച് എറണാകുളം കണ്ടനാട്ടെ ശിവശക്തി യോഗാ കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അവാസ്ഥവമാണെന്നും ഹിന്ദുമതം വിട്ടുപോയ മൂവായിരത്തിലധികം പേരെ തിരികെ എത്തിച്ചെന്നും യോഗാ കേന്ദ്രം ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ കെ.ആര്‍. മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലാ സെഷന്‍സ് കോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് മനോജ് രംഗത്തെത്തിയത്.
ഹിന്ദുതം വിട്ട് പോയവരെ ക്രൂരമായ പീഡനത്തിന് വിധേയമാക്കി തിരികെയെത്തിച്ചു എന്ന പരാതിയിലാണ് ശിവശക്തി യോഗാ കേന്ദ്രം ഡയറക്ടര്‍ കെ.ആര്‍. മനോജിനെതിരെ അന്വേഷണം നടക്കുന്നത്. മുന്‍ കൂര്‍ ജാമ്യം നേടി പുറത്തുവന്ന മനോജ് ആരോപണങ്ങള്‍ നിഷേധിച്ചു
ആതിരയും ശ്രുതിയുമടക്കം ഹിന്ദുമതം വിട്ടുപോയ മൂവായിരത്തിലധികം പേരെ തിരികെയെത്തിക്കുകയാണ് തങ്ങള് ചെയ്തതെന്ന് മനോജ് വിശദീകരിക്കുന്നു
ആരെയും മര്‍ദ്ദിച്ചിട്ടില്ല. ആരോപണങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെയാണ്. കാസര്‍ഗോട്ടെ ആതിര ഹിന്ദു മതത്തിലേക്ക് തിരികെ എത്തിയതിന് പിന്നാലെയാണ് യോഗാസെന്‍ററിനെതിരെ പ്രചരണം തുടങ്ങിയത്. അതിനു പിന്നീല്‍ ചില തീവ്ര മത സംഘടനകളാണ്
മാതാപിതാക്കളുടെ സമ്മത പ്രകാരമാണ് മത പഠനം നടത്തുന്നത്. ഇനിയും അത് തുടരും. യോഗാസെന്‍ററിനെതിരായ പ്രചരണം നിയമപരമായി നേരിടുമെന്നും മനോജ് പറഞ്ഞു. എന്നാല്‍ യോഗാ സെന്‍ററിനെതിരായ അന്വേഷണം തുടരുകയാണെന്നും വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
