മുംബൈ: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ 6 പേര്‍ അറസ്റ്റില്‍. 9 പേര്‍ ചേര്‍ന്നാണ് കഴിഞ്ഞ ഒരു വര്‍ഷമായി 15കാരിയെ പീഡിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോ പകര്‍ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം അവളെ പീഡിപ്പിച്ചു വന്നത്. സഹികെട്ട് ഒടുവില്‍ പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

പെണ്‍കുട്ടിയുടെ വീടിന് സമീപത്തുതന്നെയുള്ള 20 നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഘത്തില്‍ ഒരാള്‍ മാത്രം 30 വയസ്സുകാരനാണ്. സംഘത്തിലെ ഒരാളുടെ അമ്മ ബിജെപി പ്രവര്‍ത്തകയാണ്. അതുകൊണ്ടുതന്നെ കേസ് നല്‍കിയാലും പൊലീസ് തങ്ങളെ ഒന്നും ചെയ്യില്ലെന്നും ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 

9 പേരിലൊരാളുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയും പോണോഗ്രാഫിക് വീഡിോ കുട്ടിയെ കാണിക്കുകയും ചെയ്തതിന് ശേഷം ഇവരിലൊരാള്‍ കുട്ടിയെ പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ മറ്റൊരാള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാണിച്ചാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

സംഘത്തിലെ മുഴുവന്‍ പേരും പലതവണയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതയായി കാണപ്പെട്ട പെണ്‍കുട്ടി മാനസ്സിക നില തെറ്റിയ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയതോടെ അമ്മ അന്വേഷിച്ചപ്പോഴാ് വിവരം പുറത്തറിഞ്ഞത്. ഇനിയും പീഡനം തുടരുമെന്ന ഭീതി പെണ്‍കുട്ടിയെ പിടികൂടിയിരുന്നു. 

കുട്ടിയ്ക്ക് മികച്ച വൈദ്യസഹായം ഏര്‍പ്പെടുത്തിയതായും ഒപ്പം അഞ്ച് വനിതാ കോണ്‍സ്റ്റബിള്‍മാരുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി. പിടികൂടിയ ആറ് പേരെ ഫെബ്രുവരി 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.