അഗര്‍ത്തല: ത്രിപുരയില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ത്രിപുരയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി തൃണമൂലിനായി. ഒരു കോണ്‍ഗ്രസ് എംഎല്‍എ സിപിഎമ്മില്‍ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് എംഎല്‍എമാരാണു ത്രിപുരയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുകയാണെന്ന് അറിയിച്ച് സുദീപ് റോയി ബര്‍മന്‍റെ നേതൃത്വത്തില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്ര ദേവ്‌നാഥിന് കത്തു നല്‍കി.
വിശ്വബന്ധു സെന്‍, ദിബ ചന്ദ്ര ഹരാന്‍ഖ്വല്‍, ആശിഷ് സാഹ എന്നിവരാണു സുദീപ് റോയി ബര്‍മനൊപ്പം സ്പീക്കറെ കണ്ടത്. രോഗബാധിതരായ ദിലീപ് സര്‍ക്കാര്‍, പ്രണാജിത് സിന്‍ഹ റോയി എന്നിവര്‍ സ്പീക്കറുമായി ടെലിഫോണില്‍ സംസാരിച്ചു. സുദീപ് റോയി ബര്‍മനെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പ്രതിപക്ഷനേതാവ് സ്ഥാനം ലഭിക്കണമെന്ന് ബര്‍മന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎല്‍എ സ്ഥാനം രാജിവച്ച കോണ്‍ഗ്രസ് അംഗം ജിതന്‍ സര്‍ക്കാര്‍ സിപിഎമ്മില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മുമ്പ് അഞ്ചു തവണ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എംഎല്‍എയായ ആളാണു ജിതന്‍ സര്‍ക്കാര്‍. ഇദ്ദേഹം മുന്‍ സ്പീക്കറുമാണ്. 2010ലാണ് ജിതന്‍ സര്‍ക്കാര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ത്രിപുരയില്‍ 60 അംഗ സഭയില്‍ ഇടതുമുന്നണിക്ക് 50 അംഗങ്ങളുണ്ട്. 2018ലാണു ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
