ദില്ലി: പുറത്തെ തണുപ്പ് കാരണം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദില്ലി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപൂര്‍ സ്വദേശി അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗൊരഖ്പൂര്‍ സ്വദേശി അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്.

തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടെയ്‌നറിനുള്ളില്‍ തീ കാഞ്ഞിരുന്ന് അത് കെടുത്താതെ കിടന്നുറങ്ങുകയായിരുന്നു. കണ്ടെയ്‌നറില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞതാണ് ശ്വാസം മുട്ടി മരിക്കാന്‍ കാരണം. കന്റോണ്‍മെന്റ് മേഖലയിലെ വിവാഹത്തിന് കാറ്ററിംഗ് ജോലിയ്ക്കായി എത്തിയവരാണ് മരിച്ച ആറുപേര്‍. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിലാണ് ധാരുണാന്ത്യം. 

അര്‍ദ്ധരാത്രിയില്‍ കാറ്ററിംഗ് സൂപ്പര്‍വൈസര്‍ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയാരുന്നു. പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേര്‍ മരിച്ചു. അവ്ധാല്‍, ദീപ് ചന്ദ് എന്നിവര്‍ ആശുപത്രിയില്‍ വച്ച് ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.