Asianet News MalayalamAsianet News Malayalam

കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം; അക്രമികളെ ഭയന്ന് പള്ളിയില്‍ കഴിയുന്നത് ആറ് കുടുംബങ്ങള്‍

കുട്ടികളുൾപ്പെടെ 43 പേരടങ്ങുന്ന കരോൾ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഒരു സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെ‍‍ൺകുട്ടികളെ ഉപദ്രവിച്ചു.

six families live in church fearing
Author
Kottayam, First Published Dec 29, 2018, 1:44 PM IST

കോട്ടയം: കോട്ടയത്ത് അക്രമികളെ ഭയന്ന് പള്ളിയില്‍ കഴിയുന്നത് ആറ് കുടുംബങ്ങള്‍. പത്താമുട്ടം കൂമ്പാടി സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കയറി കരോള്‍ സംഘത്തെ ആക്രമിച്ചവർ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇവരെ ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുൾപ്പെടെ 43 പേരടങ്ങുന്ന കരോൾ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഒരു സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെ‍‍ൺകുട്ടികളെ ഉപദ്രവിച്ചു. നഗ്നത പ്രദർശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികളുടെ ആരോപണം. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50 തോളം ഡിവൈഎഫ്ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നു പള്ളി ഭാരവാഹികൾ പറയുന്നു.

പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. പള്ളിക്കു നേരെയയും കല്ലേറുമുണ്ടായി. കൂട്ടമണിയടിച്ചതോടെയാണ് അൻപതോളം വരുന്ന അക്രമികൾ പിരിഞ്ഞുപോയത്. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ ഏഴ് പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പത്താമുട്ടത്ത് കയറരുതെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. പ്രാദേശിക പ്രശ്നമാണെന്നും പാർട്ടിക്ക് പങ്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അറിയിച്ചു.

Follow Us:
Download App:
  • android
  • ios