ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹമോചനത്തിന് ആറുമാസത്തെ കാത്തിരിപ്പ് സമയം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രിംകോടതി വിധിച്ചു. ഭാര്യഭര്‍ത്താക്കന്മാരുടെ ഉഭയസമ്മതത്തോടെയാണ് വിവാഹ മോചനം നടക്കുന്നതെങ്കിൽ എത്ര സമയത്തിനകം വിവാഹ മോചനം നൽകണം എന്ന് കുടുംബ കോടതിക്ക് തീരുമാനിക്കാം. അതിന് ഹിന്ദു വിവാഹ നിയമത്തിലെ 13ബി വകുപ്പിലെ 2-ാം അനുഛേദം പ്രകാരം ആറുമാസത്തെ ഇടവേള നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ അവകാശ കാര്യത്തിലും സ്വത്തുക്കളുടെ കാര്യത്തിലുമൊക്കെ സമയവായത്തിലെത്തിക്കഴിഞ്ഞാണ് കോടതിയെ സമീപിക്കുന്നതെങ്കിൽ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കുടുംബ കോടതിക്ക് ഉചിതമായ തീരുമാനം വേഗത്തിൽ സ്വീകരക്കാവുന്നതാണ്. അര്‍ഹമായ വിവാഹ മോചനങ്ങൾ അനന്തമായി നീണ്ടുപോകുന്നത് നീതി നിഷേധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എട്ടുവര്‍ഷത്തിലധികം പിരിഞ്ഞുതാമസിച്ചിട്ടും വിവാഹ മോചനം കിട്ടിത്തത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.