12 വയസ്സിന് മുകളിലുള്ള നാല് കുട്ടികളെയും ചെറിയ രണ്ട് കുട്ടികളെയുമാണ് ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ അഞ്ച് പേര്‍ മലപ്പുറം ജില്ലക്കാരും ഒരാള്‍ തലശ്ശേരി സ്വദേശിയുമാണ്. ഈ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത പനിയും കഫക്കെട്ടും, തൊണ്ടയില്‍ നേര്‍ത്ത വെളുത്ത പാട വരുന്നതുമായ രോഗലക്ഷണങ്ങളോട് കൂടിയവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനിടെ മലമ്പനി ബാധിച്ച ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ ദിവസം പനി ബാധിച്ച് 1090 പേര്‍ ചികിത്സ തേടി. ഒളവണ്ണ, ഫറോക്ക്, കല്ലായി മേഖലകളില്‍ എലിപ്പനി പടരാന്‍ സാധ്യത ഉള്ളതിനാല്‍ ഇവടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
