ജയ്പൂര്‍: രണ്ടാം ക്ലാസുകാരിയെ മേശയില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബാരാമറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആറുവയസ്സുകാരി പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് സ്വീപ്പിങ് ജോലിക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.

ടോയ്‌ലറ്റിനടുത്തുള്ള ക്ലാസ് മുറിയിലെ മേശയില്‍ കെട്ടിയിട്ടാണ് ബലാത്സംഗം ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ ബലാത്സംഗത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോസ്‌കോ ആക്ട് പ്രകാരവും കേസ് രജിസ്റ്റ്ര്‍ ചെയ്തതായി ജില്ലാ പോലീസ് ഓഫീസര്‍ അനിത റാണി പറഞ്ഞു. 

സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയ ശേഷം സ്വകാര്യ ഭാഗത്ത് കടുത്ത വേദനയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിരയായതെന്ന് പുറത്തറിയുന്നത്. പിന്നീട് മാതാപിതാക്കള്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പോലീസ്  സൂപ്രണ്ടും ജില്ലാ കളക്ടറും സ്‌കൂളിലെത്തി അധികൃതരെ ചോദ്യം ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് രക്ഷിതാക്കളെ അറിയിച്ചു.   

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പീഡനത്തിരയാക്കിയ 56 കേസുകളാണുള്ളത്. ഇതില്‍ 55 അധ്യാപകരാണ്. 36കേസുകള്‍ കോടതയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 16 കേസുകള്‍ പോലീസ് ഇപ്പോള്‍ സമര്‍പ്പിച്ചു.