ഇടുക്കി: കാണാതായ ആറുവയസുകാരെ കുറിച്ച് സൂചനകള്‍ നല്‍കാന്‍ ഡോഗ് സ്ക്വാഡിനും കഴിഞ്ഞില്ല. മൂന്നാറിലാണ് സംഭവം. വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന ആറുവയസുകാരന്‍ നവറുദീനെ കാണാതായത് ഞായറാഴ്ചയാണ്. ആസാം സ്വദേശികളായ നൂറുമുഹമ്മദ്,രസിതനിസ ദമ്പതികളുടെ മകനാണ് നവറുദീന്‍. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ എസ്റ്റേറ്റില്‍ പരിശോധനകള്‍ നടത്തുകയും മാതാപിതാക്കളുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് കടലാര്‍ എസ്റ്റേറ്റില്‍ പൊലീസ് നായ എത്തിയത്. കുട്ടിയുടെ വീട്ടിലും പരിസരത്തും അന്വേഷണങ്ങള്‍ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വീടിന് സമീപത്തെ കാട്ടില്‍ ഓടികയറിയ നായ അവിടെതന്നെ നില്‍ക്കുകയും അല്പസമയത്തിനുശേഷം വീണ്ടും വീട്ടിലേക്ക് കയറുകയുമായിരുന്നു. ഇതോടെ കുട്ടിയെ സംബന്ധിച്ചുള്ള അന്വേഷണം വഴിമുട്ടി.


മാതാപിതാക്കളുടെ മൊഴിയില്‍ ചില വൈരുദ്യങ്ങള്‍ കണ്ടെത്തിയെങ്കിലും ഭാഷ മനസിലാകാത്തതിനാല്‍ ഇവരെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കുകയായിരുന്നു. ഗുണ്ടുമലയില്‍ അംഗന്‍വാടി ടീച്ചറായ രാജഗുരു കൊല്ലപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ആറുവയസുകാരനെ കാണാതാവുന്നത്.