മെക്‌സിക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച 60,000 ഇന്ത്യന്‍ യുവാക്കള്‍ പിടിയിലായതായി കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനീഷ് തീവാരി 

ദില്ലി: മെക്‌സിക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച 60,000 ഇന്ത്യന്‍ യുവാക്കള്‍ പിടിയിലായതായി കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനീഷ് തീവാരി. പിടിയിലായവരിലേറെയും പഞ്ചാബില്‍ നിന്നുള്ളവരാണെന്നും തിവാരി പറയുന്നു. 

കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകം സംഘിടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സമീപകാലത്ത് യുഎസ് സന്ദര്‍ശിച്ചപ്പോൾ അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തി‌ സന്ദർശിക്കാനും അവിടെയുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി സംസാരിക്കാനും അവസരം ലഭിച്ചെന്നും അപ്പോഴാണ് ​ഗൗരവകരമായ ഇക്കാര്യം അറിഞ്ഞതെന്നും മനീഷ് തിവാരി പറയുന്നു. 

പിടിയിലായ ഇന്ത്യന്‍ യുവാക്കളില്‍ 19 ശതമാനം പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് അതിര്‍ത്തിരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നോട് വെളിപ്പെടുത്തിയത്. ഇവരെയെല്ലാം മോചിപ്പിക്കേണ്ട ചുമതല വിദേശകാര്യമന്ത്രാലയത്തിനാണ് ഇക്കാര്യം താന്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മനീഷ് തീവാരി വെളിപ്പെടുത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിന് അപ്പുറം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഞ്ചാബില്‍ യുവാക്കള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ട ആവശ്യകതയും തിവാരി ചൂണ്ടിക്കാട്ടി. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനം മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കും എന്നായിരുന്നു. കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ ഉടനീളം മതില്‍ പണിയുമെന്ന് പ്രഖ്യാപിച്ച ട്രംപ്, കുടുംബത്തോടെ കുടിയേറാന്‍ ശ്രമിച്ച് പിടിയിലാവുന്നവരില്‍ നിന്ന് കുട്ടികളെ വേര്‍പെടുത്താനും ഉത്തരവിട്ടു. 

ലോകവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ച ഇൗ നടപടിക്കെതിരെ ഒടുവിൽ അമേരിക്കയില്‍ നിന്നും പ്രതിഷേധസ്വരങ്ങൾ ഉയര്‍ന്നതോടെയാണ് കിരാതനടപടിയിൽ നിന്നും ട്രംപ് പിന്മാറിയത്. മെക്സിക്കോ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റം പോയ വർഷം ഒരു മലയാള സിനിമയ്ക്കും വിഷയമായിരുന്നു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് സിഐഎ എന്ന ചിത്രം മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയില്‍ എത്താന്‍ ശ്രമിക്കുന്ന മലയാളി യുവാവിന്റെ കഥയാണ് പറയുന്നത്.