ഉത്തരവിന് പുല്ലുവില; ഡിജിപി അറിയാതെ ഡ്യൂട്ടി 725 പൊലീസുകാർ
തിരുവനന്തപുരം: ഡിജിപി അറിയാതെ 725 പൊലീസുകാർ സംസ്ഥാനത്ത് മറ്റ് ഡ്യൂട്ടികൾ ചെയ്യുന്നു. എട്ട് മാസം മുൻപ് പൊലീസ് ആസ്ഥാനത്ത് നടത്തിയ കണക്കെടുപ്പിന്‍റെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സംസ്ഥാനത്ത് വർക്കിങ് അറേഞ്ച്മെന്‍റിൽ ആകെ നിയോഗിച്ച പൊലീസുകാരുടെ എണ്ണം 1644 എന്നാണ് പൊലീസ് ആസ്ഥാനത്തെ കണക്ക്. ഇതിൽ 725 പേരുടേയും നിയമനം ഡിജിപിയുടെ ഉത്തരവില്ലാതെയാണ്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഒപ്പമാണ് ഇവരെല്ലാം തന്നെ.
222 പേർ സേനയ്ക്ക് പുറത്ത് ഇങ്ങനെ ജോലി ചെയ്യുന്നു. സേനയക്കുള്ളിലെ അനധികൃതരുടെ എണ്ണം 503 ആണ്. ഡിജിപിയുടെ ഉത്തരവില്ലാതെ വർക്കിങ് അറേഞ്ച്മെന്‍റ് പാടില്ലെന്ന് ഉത്തരവുള്ളപ്പോഴാണ് പൊലീസുകാർ ഉന്നതർക്കൊപ്പം ഒളിച്ചു കളിക്കുന്നത്. ഒരിക്കൽ രാഷ്ട്രീയക്കാർക്കപ്പമോ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമോ സുരക്ഷ ഉദ്യോഗസ്ഥനായി കയറിയാൽ ഉത്തരവിന്‍റെ കാലാവധി കഴിഞ്ഞാലും പൊലീസുകാരൻ തിരിച്ചുവരാറില്ല. അത് കണ്ടെത്താൻ പൊലീസ് ആസ്ഥാനത്തുള്ളവർ മെനക്കെടാറുമില്ല.
എട്ടുമസം മുമ്പ് പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിൻ ജെ തച്ചങ്കരി തയ്യാറാക്കിയക്കിയ പട്ടിക അനുസരിച്ച് നടപടി എടുക്കാനിരിക്കെയാണ് പുതിയ കണക്കെടുപ്പ്. അതേ സമയം ക്യാമ്പ് ഫോളോവർമാരെ കൊണ്ട് ദാസ്യപ്പണി ചെയ്യപ്പിച്ചുവെന്ന ആരോപണം ഉയർന്ന എസ്എപി ഡെപ്യൂട്ടി കമാന്‍റന്‍റ് പിവി രാജുവിനെതിരെ നടപടിയെടുക്കും. രാജുവിനെതിരെ രേഖാമൂലം ഡിജിപിക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ അന്വേഷണവുമുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
