കഴിഞ്ഞ ദിവസം വൈക്കം മുണ്ടാറിൽ തോണി മറിഞ്ഞ് മരിച്ച മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോ ഡ്രൈവർ ബിപിൻ ബാബുവിന്റെ  സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് തിരുവല്ലയിൽ നടക്കും.

ആലപ്പുഴ: മഴ കുറഞ്ഞതോടെ കുട്ടനാട്ടിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കുറഞ്ഞു. റോഡിലെ വെള്ളം നീക്കുന്നതും പുരോഗമിക്കുകയാണ്. പള്ളാത്തുരുത്തി പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിക്കുന്നുണ്ട്. മന്ത്രി ജി.സുധാകരനും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. കോട്ടയം ജില്ലയിൽ വൈക്കം മേഖലയിൽ മാത്രമാണ് വെള്ളക്കെട്ട് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം വൈക്കം മുണ്ടാറിൽ തോണി മറിഞ്ഞ് മരിച്ച മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോ ഡ്രൈവർ ബിപിൻ ബാബുവിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് തിരുവല്ലയിൽ നടക്കും.

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം, ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും മന്ത്രിസഭ പരിഗണിച്ചേക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ എം.പിമാരടക്കം വിഷയം ഉന്നയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. കേരളത്തിലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു.