കാഴ്ചയില്ലായ്മ ഒരു പരിമിതയല്ല ഇനി ഈ മുന്നൂറിലധികം വരുന്ന സ്ത്രീകള്‍ക്ക്

തിരുവനന്തപുരം: കാഴ്ചയില്ലാത്ത മുന്നൂറോളം സ്ത്രീകള്‍ക്ക് ഇനി സ്മാര്‍ട്ട് കെയിന്‍ സഹായത്തോടെ പരസഹായമില്ലാതെ എവിടെയും ഇറങ്ങിനടക്കാം. കാഴ്ചയില്ലായ്മ ഒരു പരിമിതയല്ല ഇനി ഈ മുന്നൂറിലധികം വരുന്ന സ്ത്രീകള്‍ക്ക്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സൗണ്ട് ഫോര്‍ സൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായുള്ള സ്മാര്‍ട്ട് കെയിന്‍ വിതരണം തിരുവനന്തപുരത്ത് നടന്നു. കാഴ്ച പരിമിതിയുള്ള സ്ത്രീകള്‍ വീടിന്‍റെ ഉള്ളറകളില്‍ ഒതുങ്ങാതെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ പദ്ധതിയാണ് സൗണ്ട് ഫോര്‍ സൈറ്റ്. 

ഇതിനുമുമ്പ് കൊച്ചിയിലും കോഴിക്കോടും സൗണ്ട് ഫോര്‍ സൈറ്റിന്‍റെ ഭാഗമായുള്ള സ്മാര്‍ട്ട് കെയിന്‍ വിതരണം നടന്നിരുന്നു.തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും ചലച്ചിത്ര താരം ചിപ്പിയുമായിരുന്നു ചടങ്ങില്‍ മുഖ്യ അതിഥികള്‍. മൂന്നുമീറ്റര്‍ ദൂരപരിധിയിലുള്ള തടസങ്ങള്‍ തിരിച്ചറിയുന്ന ഇലക്ട്രോണിക്ക് കെയിനാണ് വനിതകള്‍ക്ക് സമ്മാനിച്ചത്. സ്മാര്‍ട്ട് കെയിന്‍ വിതരണത്തിനൊപ്പം തന്നെ സൗജന്യ നേത്ര രോഗ പരിശോധനയും ഇന്ന് നടന്നു.കാഴ്ചയില്ലാത്ത മൂന്നൂറോളം സ്ത്രീകള്‍ക്കാണ് സൗണ്ട് ഫോര്‍ സൈറ്റിന്‍റെ ഭാഗമായി പുതിയ വെളിച്ചം ലഭ്യമാകുന്നത്. 

സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ്, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് സ്ലീബാ, ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ:ഉണ്ണികൃഷ്ണന്‍, വനിതാ ഫോറം വൈസ് പ്രസിഡന്‍റ്, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍റ് പ്രൊഫസര്‍ ബീനാ കൃഷ്ണന്‍ എന്നിവര്‍ കാഴ്ചയില്ലാത്തവര്‍ക്ക് സഹായമാകുന്ന പദ്ധതിക്ക് ആശംസകള്‍ അറിയിക്കുകയും സംസാരിക്കുകയു ചെയ്തു.