ഷാര്‍ജ വിമാനത്താവളത്തിലെ സ്‍മാര്‍ട്ട് ഗേറ്റ് സംവിധാനം വിപുലീകരിച്ചു. ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുവര്‍ക്ക് ഇനി വെറും 20 സെക്കന്‍ഡുകൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഷാര്‍ജ വിമാനത്താവളം കൂടുതല്‍ സ്മാര്‍ട്ടാകുന്നതിന്‍റ ഭാഗമായി 16 പുതിയ സ്മാര്‍ട്ട് ഗേറ്റുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. എട്ടെണ്ണം അറൈവല്‍ വിഭാഗത്തിലും എട്ടെണ്ണം ഡിപ്പാര്‍ച്ചര്‍ വിഭാഗത്തിലുമാണിത്. ആദ്യമായി ഇ-ഗേറ്റ് സേവനം ലഭ്യമാക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഷാര്‍ജയിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഇ- ഗേറ്റ് സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി രണ്ടു രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളും വിമാനത്താവളത്തില്‍ തുടങ്ങിയിട്ടുണ്ട്.
റെസിഡന്‍സ് വിസയിലുള്ളവര്‍ക്കു മാത്രമല്ല, സന്ദര്‍ശക വിസയിലുള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താനും ഇ-ഗേറ്റ് സേവനം ഉപയോഗപ്പെടുത്താനും സാധിക്കും. രജിസ്ട്രര്‍ ചെയ്തവര്‍ക്ക് പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും സ്വയം സ്‌കാന്‍ ചെയ്തു എമിഗ്രേഷന്‍ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലേം അല്‍ മിദ്ഫ പറഞ്ഞു. വിമാനത്താവളത്തിലെ നടപടികള്‍ സുഗമമാക്കുതിനും യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമാണ് സ്മാര്‍ട്ട് ഗേറ്റുകളെന്നും അധികൃതര്‍ വ്യക്തമാക്കി.
