ഷാര്‍ജയിലെ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ചവറ് വീപ്പകള്‍ ഇനി വെറും ചവറ് ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. കൂടുതല്‍ സ്മാര്‍ട്ടായ ഇവ ഫ്രീ വൈ-ഫൈ സംവിധാനം ലഭ്യമാക്കുന്നവയാണ്. 40 മീറ്റര്‍ പരിധിയില്‍ വരെ ഇങ്ങനെ പൊതുജനങ്ങള്‍ക്ക് ഈ ചവറ് വീപ്പയില്‍ നിന്ന് സൗജന്യ വൈഫൈ ലഭിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാലിന്യ നിര്‍മാര്‍ജ്ജന മാനേജ്‌മെന്റ് കമ്പനിയായ ബീയ് ആണ് ഈ അത്യാധുനിക സംവിധാനത്തിന് പിന്നില്‍. ഷാര്‍ജ കോര്‍ണീഷ് പരിസരത്ത് നടന്ന ചടങ്ങിലാണ് ഈ പുതിയ ചവറ് വീപ്പകള്‍ പുറത്തിറക്കിയത്. ബീയ് ഗ്രൂപ്പ് സി.ഇ.ഒ ഖാലിദ് അല്‍ ഹുറൈമല്‍ തന്റെ മൊബൈലില്‍ വൈഫൈ കണക്ട് ചെയ്തു കൊണ്ട് ഈ അത്യാധുനിക വെയ്സ്റ്റ് ബിന്നുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സാധാരണ ചവര്‍ വീപ്പകളേക്കാള്‍ നാലിരട്ടി ചവറുകള്‍ സ്വീകരിക്കാനുള്ള സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബോക്‌സിന് അകത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക പ്രസ്സിംഗ് സംവിധാനം ഉപയോഗിച്ച് വീപ്പയിലേക്ക് എത്തുന്ന പാഴ്വസ്തുക്കളെ പ്രത്യേക രീതിയില്‍ ഒതുക്കിയാണ് ഇത് സാധ്യമാക്കുന്നത്. വീപ്പയില്‍ 80 ശതമാനത്തില്‍ അധികം മാലിന്യം നിറഞ്ഞാല്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മെസേജ് പോകും. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് വന്ന് ചപ്പ്ചവറുകള്‍ നീക്കം ചെയ്യാം എന്ന സൗകര്യവുമുണ്ട്. അതായത് ജീവനക്കാര്‍ക്ക് ദിവസവും വന്ന് വീപ്പ നിറഞ്ഞോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. ഡുവിന്റെ സഹായത്തോടെയാണ് വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം വീപ്പകള്‍ക്ക് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലില്‍ നിന്ന് ലഭിക്കും.

തുടക്കത്തില്‍ ഷാര്‍ജ കോര്‍ണീഷിലെ പത്ത് ഇടങ്ങളിലാണ് ഇത്തരം സ്മാര്‍ട്ട് ചവറ് വീപ്പകള്‍ സ്ഥാപിക്കുന്നത്. പിന്നീട് എമിറേറ്റിലെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കും.