ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ മഞ്ഞ് വീഴ്ച്ച തുടരുന്നു. മാച്ചില്‍ മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അഞ്ച് സൈനികര്‍ക്കുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ട് സൈനികര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്

നാല്  ദിവസത്തിനിടെ ഇത് ആറാം തവണയാണ് സൈനികര്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങുന്നത്. 56 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. 24 മണിക്കൂറിനിടെ മഞ്ഞിടിച്ചിലുണ്ടാകുമെന്ന മുന്നറിപ്പ് നിലനില്‍ക്കെയാണ് അപകടമുണ്ടായത്. കുപ്‌വാര, ബന്ദിപ്പോറ, ബാരാമുള്ള, ഗാന്ദെര്‍ബാല്‍, കുല്‍ഗാം, ബുദ്ഗാം കാര്‍ഗില്‍ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.  

ഗുരെസ് മേഖലയില്‍  ഹിമപാതത്തെ 15 സൈനികരടക്കം 21 പേര്‍ മരണപ്പെട്ടു. കാലാവസ്ഥ അനുകൂലമായ ശേഷം ഹെലികോപ്റ്ററില്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം.