കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ മാനവശേഷി വികസനമന്ത്രാലയത്തില്‍ നിന്ന് മാറ്റിയ സ്‍മൃതി ഇറാനിക്ക് അതൃപ്‍തിയെന്ന് സൂചന. വിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂട്ടാനാണ് കഴിഞ്ഞ രണ്ടു കൊല്ലം ശ്രമിച്ചതെന്ന് സ്‍മൃതി ഇറാനി പ്രതികരിച്ചു. ജയന്ത് സിന്‍ഹയെ ധനമന്ത്രാലയത്തില്‍ നിന്ന് മാറ്റിയതില്‍ അദ്വാനി ക്യാമ്പിലും അതൃപ്‍തി പുകയുകയാണ്.

രണ്ടു വര്‍ഷം മുമ്പ് നരേന്ദ്ര മോദി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പല മുതിര്‍ന്ന നേതാക്കളെയും മറികടന്നാണ് 38 വയസ്സുള്ള സ്‍മൃതി ഇറാനി പ്രധാനപ്പെട്ട മാനവശേഷി വികസന മന്ത്രാലയത്തില്‍ എത്തിയത്. ബോംബെ ഐഐടി ചെയര്‍മാന്‍ അനില്‍ കാക്കോദ്കറുമായുള്ള അഭിപ്രായ വ്യത്യാസമാണ് ആദ്യം ഉയര്‍ന്ന വിവാദം. പിന്നീട് രോഹിത് വെമുലയുടെ ആത്മഹത്യയും, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ അറസ്റ്റും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. ആര്‍എസ്എസിന്റെ കൂടി താല്പര്യപ്രകാരമാണ് ബിജെപിയില്‍ മോദി-അമിത് ഷാ ക്യാമ്പിനൊപ്പം ഉറച്ചു നില്‍ക്കുന്ന സ്‍മൃതി ഇറാനിയുടെ മാറ്റം. പ്രധാനമന്ത്രി നല്‍കുന്ന അവസരങ്ങള്‍ക്ക് നന്ദി എന്ന് പ്രതികരിച്ച സ്‍മൃതി ഇറാനി രണ്ടു കൊല്ലത്തെ നേട്ടങ്ങള്‍ ട്വീറ്റ് ചെയ്‍ത് തന്നെ മാറ്റിയതിലുള്ള അതൃപ്‍തി പ്രകടമാക്കി. വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം കൂട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് സ്‍മൃതി ഇറാനി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്ന് താന്‍ അകന്നു എന്ന വാദവും സ്‍മൃതി ഇറാനി തള്ളി.

ജയന്ത് സിന്‍ഹയെ ധനമന്ത്രാലയത്തില്‍ നിന്ന് മാറ്റിയതും അപ്രതീക്ഷിതമായിരുന്നു. എല്‍ കെ അദ്വാനിക്കൊപ്പം ചേര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രസ്‍താവന ഇറക്കിയതിലുള്ള അതൃപ്‍തിയാണ് മകന്റെ മാറ്റത്തിലൂടെ പ്രകടമാക്കിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. പുതിയ മന്ത്രിമാരുടെ യോഗം പാര്‍ലമെന്റ് മന്ദിരത്തില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.