കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിദേശ കറന്‍സി പിടിച്ചെടുത്ത കേസില്‍ കള്ളക്കടത്തുകാരില്‍നിന്ന് ഭീഷണി ഉണ്ടെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. വിദേശ കറൻസിയുമായി ബന്ധപ്പെട്ടും തിരുവനന്തപുരത്തെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് പരിശോധിച്ച കേസുമായി ബന്ധപ്പെട്ടും കള്ളക്കടത്തുകാരിൽ നിന്ന് ഭീഷണിയുണ്ടായതായി സുമിത് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുമിത് ഇക്കാര്യം അറിയിച്ചത്. 

അതേസമയം ഭീഷണികളെ ഭയക്കുന്നില്ലെന്ന് സുമിത് കുമാർ വ്യക്തമാക്കി. കള്ളക്കടത്തുകാർക്കെതിരെ കുടുക്കുന്ന പല കേസുകൾക്കും താൻ നേതൃത്വം നൽകിയിട്ടുണ്ട്. അവരെ പിടികൂടുക എന്നത് തന്റെ ജോലിയുടെ ഭാഗമാണ്. തനിക്ക് സുരക്ഷയൊരുക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല. ജോലി ഇതേ നിലയിൽ തുടരുമെന്നും സുമിത് കുമാര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ സുമിത് കുമാറിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. സുമിത്തിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ ദില്ലി തലത്തില്‍ നീക്കം നടന്നിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ മാറ്റണമെന്ന് ആവശ്യമപ്പെട്ട് ചീഫ് കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നതായും കസ്റ്റംസ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണ് സുമിത്തിന്‍റെ പോസ്റ്റ്.