കൂട്ടുപാതയില്‍ രാത്രി നടന്ന വാഹന പരിശോധനയിലാണ് 35 കിലോ വെള്ളി ആഭരണങ്ങള്‍, ഒരു കിലോ എഴുന്നൂറ് ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, 30 ലക്ഷം രൂപ, എട്ട് ലിറ്റര്‍ വിദേശ നി‍ര്‍മ്മിത മദ്യം എന്നിവ പിടിച്ചെടുത്തത്. നികുതി വെട്ടിച്ച് രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ തൃശ്ശൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു ആഭരണങ്ങള്‍. സ്വര്‍ണം കടത്തിയ ആലത്തൂര്‍ സ്വദേശി വിനോദ്, തൃശ്ശൂര്‍ സ്വദേശി ബിജു, വെള്ളി കടത്തിയ സേലം സ്വദേശികളായ വേദമൂര്‍ത്തി, അബ്ദുല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. കെ.എസ്.ആര്‍.ടിസി ബസ്സില്‍ നിന്നാണ് 30 ലക്ഷം കുഴല്‍പ്പണവും എട്ട് ലിറ്റര്‍ വിദേശമദ്യവും പിടികൂടിയത്. 

പണം മധുരയില്‍ നിന്ന് കോഴിക്കോടേക്ക് കൊണ്ട് പോകുകയായിരുന്നെന്ന് പിടിയിലായ തമിഴ്നാട് കടമക്കുടി സ്വദേശി അഷ്റഫ് മൊഴി നല്‍കി. ചെന്നെയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന വിദേശ നിര്‍മ്മിത മദ്യം കടത്തിയതിന് ചെന്നൈ തിരുവള്ളൂര്‍ സ്വദേശി രവികുമാറിനെയാണ് കസ്റ്റഡിയെലുടത്തത്. തൃശ്ശൂരില്‍ കൈമാറാനായി സുഹൃത്ത് നല്‍കിയതാണ് മദ്യമെന്നാണ് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കിയത്. നാല് കേസുകള്‍ രജിസ്ട്രര്‍ ചെയ്തെന്ന് എക്‌സൈസ് അറിയിച്ചു.ആഭരണങ്ങള്‍ വില്‍പ്പന നികുതി വിഭാഗത്തിനും പണം റവന്യൂ ഇന്‍റലിജന്‍സ് വിഭാഗത്തിനും എക്‌സൈസ് കൈമാറി. എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടും പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റികളിലൂടെ കള്ളക്കടത്ത് നിര്‍ബാധം തുടരുകയാണ്.