തെലുങ്കാന: ക്ലാസ് മുറിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയയുടെ ബാഗിനുള്ളില്‍ നിന്നും പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തി പരത്തി. തെലുങ്കാനയിലെ ജഗിത്യലയിലിള്ള ലമ്പടിപ്പള്ളി സ്‌കൂളിലാണ് സംഭവം. പാമ്പ് ബാഗില്‍ നിന്നും പുറുത്തു ചാടിയതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്നു പരക്കം പാഞ്ഞു. പിന്നീട് പാമ്പ് പിടുത്തക്കാരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. 

 പ്രവീണ്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് പാമ്പ് കയറിയത്. പുസ്തകം എടുക്കാനായി പ്രവീണ്‍ ബാഗില്‍ കൈയിട്ടു. ബാഗിനകത്ത് തണുപ്പ് എന്തോ തോന്നിയതോടെ എന്താണെന്നറിയാന്‍ വലിച്ച് പുറത്തെടുത്തപ്പോഴാണ് പാമ്പാണെന്ന് മനസ്സിലായത്.

 ഉടനെ അലറിക്കരഞ്ഞുകൊണ്ട് പാമ്പിനെ വലിച്ചെറിഞ്ഞു. ഇതോടെ പരിഭ്രാന്തരായ ക്ലാസിലെ കുട്ടികളും സമീപത്തെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഇറങ്ങിയോടി. എന്നാല്‍ അവിടെയിരുന്ന മറ്റൊരു ബാഗിനടിയില്‍ പാമ്പ് പതുങ്ങിയിരുന്നു.

ചില അധ്യാപകര്‍ ബാഗ് പരിശോധിച്ചപ്പോള്‍ പാമ്പിനെ വീണ്ടും കണ്ടെത്തി. വിഷമുള്ളതാണോ അല്ലയോ എന്ന വ്യക്തമാകാത്തിതിനാല്‍ പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെത്തിയാണ് പാമ്പിനെ പിടികൂടിയത്. കുട്ടിയുടെ വീട്ടില്‍ നിന്നു തന്നെ പാമ്പ് ബാഗില്‍ കയറിയതാകാമെന്നാണ് കരുതുന്നത്.