തൃശൂര്‍: കാടാണെന്ന് കരുതി അബദ്ധത്തില്‍ സ്റ്റേഷനില്‍ കയറിയ രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ പൊലീസിനെ മണിക്കൂറുകളോളം വലച്ചു. നഗരം ഭരിക്കുന്ന പൊലീസ് സ്റ്റേഷന്‍ കാടുപിടിച്ചതോടെയാണ് സ്റ്റേഷന്‍ ഭരിക്കാനുള്ള ശൂരതയോടെ മൂര്‍ഖന്‍ പാമ്പുകളെത്തിയത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ ഏഴിനാണ് സംഭവം.

നാടിനെ വിറപ്പിക്കുന്ന പൊലീസ് ഭയന്നതോടെ കാടിനെയും ജീവികളെയും സ്‌നേഹിക്കുന്ന എല്‍ത്തുരുത്ത് സേവ്യര്‍ സഹായത്തിനെത്തി. രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരെല്ലാം ഡ്യൂട്ടിയിലേക്ക് കടക്കാനുള്ള തിരക്കിനിടയിലായതിനാല്‍ ആളും അധികമുണ്ടായിരുന്നു. ഹെല്‍മറ്റ് ധരിച്ചവരെയും അല്ലാത്തവരെയും ഒരുപോലെ നേരിടുന്ന പൊലീസിന് ഇവിടെ മുട്ടുമടക്കേണ്ടിവന്നു. സംഭവമറിഞ്ഞ് നാട്ടുകാരും കൂടി. ഇതോടെ ഫോണെടുത്ത് വന്യജീവി സംരക്ഷകന്‍ സേവ്യര്‍ എല്‍ത്തുരുത്തിനെ വിളിക്കുകയായിരുന്നു.

പൊലീസിനെ ഭയപ്പെടുത്തി വിറപ്പിച്ചിരുന്ന രണ്ട് പേരെയും നിമിഷങ്ങള്‍ക്കകം സേവ്യര്‍ വരച്ചവരയില്‍ നിര്‍ത്തി. രാവിലെ ഏഴോടെ സ്റ്റാഫ് റൂമിലേക്ക് കടക്കുകയായിരുന്ന പൊലീസുകാരനാണ് ഫിഷ് ടാങ്കിനു സമീപം പാമ്പ് ഇഴയുന്നതു ശ്രദ്ധയില്‍പ്പെട്ടത്. വൈകും മുമ്പേ സമീപത്ത് മറ്റൊന്നിനെയും കൂടി കണ്ടെത്തിയതോടെ പൊലീസുകാര്‍ പകച്ചു. ഇതിനിടയില്‍ സി.ഐക്കും അസി.കമ്മീഷണര്‍ക്കും കമ്മീഷണര്‍ക്കും വിവരം പോയി. പാമ്പിനെ എങ്ങനെ പിടികൂടുമെന്ന ആലോചനയായി. വനംവകുപ്പിനെ വിളിക്കണോ, 
അഗ്‌നിശമനസേനയെ വിളിക്കണോ..? ചര്‍ച്ച മുറുകുന്നതിനിടയില്‍ ആരോ സേവ്യര്‍ എല്‍ത്തുരുത്തിനെ വിളിക്കാമെന്ന് തീരുമാനമാവുകയായിരുന്നു. 

മൂര്‍ഖന്മാരെ പിന്നീടെ പീച്ചി കാട്ടില്‍ വിട്ടയച്ചു. ആറടിയോളം നീളമുള്ള ആണ്‍ പെണ്‍ വിഭാഗത്തിലുള്ളതായിരുന്നു മൂര്‍ഖന്‍ പാമ്പുകള്‍. പാമ്പുകള്‍ ഇണ ചേരുന്ന സമയമായതിനാല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് പൊലീസിനും നല്‍കിയാണ് സേവ്യര്‍ മടങ്ങിയത്. സ്റ്റേഷന് പിറകുവശം കാട് പിടിച്ച് കിടക്കുകയാണ്. ഇവിടെ നിന്നും കടന്നതാവാമെന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് പായയില്‍ കുടുങ്ങിയതോടെ ഇഴയാന്‍ പ്രയാസപ്പെട്ടതാവാമെന്നാണ് നിഗമനം. രാവും പകലുമില്ലാതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കി വിശ്രമമില്ലാതെ പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് സ്റ്റേഷനില്‍ പോലും സുരക്ഷയില്ലെന്നതാണ് പാമ്പിനെ കണ്ടെത്തിയതില്‍ സേനാംഗങ്ങളുടെ പരാതി.