ബെംഗളുരു: തടാകനഗത്തില്‍ ഉണ്ടായ അഗ്നിബാധ പ്രതിരോധിക്കാനിറങ്ങിയ സൈനികര്‍ക്ക് വെല്ലുവിളിയായി ഇഴഡന്തുക്കള്‍. പലപ്പോഴും വിഷപ്പതയുമായി പതഞ്ഞ് പൊങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ച ബേലന്തൂര്‍ തടാകത്തില്‍ ഇന്നലെയാണ് തീപിടിച്ചത്. രണ്ടിടങ്ങളിലായുണ്ടായ അഗ്നിബാധ പിന്നീട് പടര്‍ന്ന് പിടിക്കുകയായിരുന്നു.

തീപടര്‍ന്നതോടെ തടാകം താവളമാക്കിയ ഇഴ‍ന്തുക്കള്‍ വെളിയിലേക്ക് വന്നത് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. തടാകത്തിലെ അഗ്നിബാധ 5000 സൈനികര്‍ ചേര്‍ന്നാണ് ചെറുത്തത്. തുടര്‍ച്ചയായ ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് അഗ്നിബാധ നിയന്ത്രണ വിധേയമായത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരില്‍ ചിലര്‍ക്ക് പാമ്പിന്റെ കടിയേറ്റതും വെല്ലുവിളിയായി. 

ബെംഗളുരു നഗരത്തിലെ മാലിന്യ വാഹിനിയായതോടെയാണ് ബെലന്തൂര്‍ തടാകം പലരീതിയില്‍ പ്രശ്നങ്ങളുയര്‍ത്താന്‍ തുടങ്ങിയത്. ദേശീയ ഹരിതട്രൈബ്യൂണല്‍ തടാകം ശുദ്ധീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് വരെയും നിര്‍ദേശം പ്രാവര്‍ത്തികമായിട്ടില്ല.