Asianet News MalayalamAsianet News Malayalam

വെള്ളമിറങ്ങിയിട്ടും ഭീഷണിയായി ഇഴജന്തുക്കൾ

 പറവൂര്‍, മാഞ്ഞാലി, വരാപ്പുഴ മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേരും പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ പാമ്പ് കടിയേറ്റ് ചികിത്സ തേടി.

snake threat in flood affected homes
Author
Alappuzha, First Published Aug 21, 2018, 2:14 PM IST

അങ്കമാലി:വെള്ളക്കെട്ട് കുറഞ്ഞെങ്കിലും വീടുകളിലേക്ക് തിരികെയത്തുന്നവര്‍ ഇപ്പോള്‍ ഇഴജന്തുക്കളുടെ ഭീതിയിലാണ് .പാമ്പ് കടിയേറ്റ് ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ മാത്രം അങ്കമാലിയില്‍ ചികിത്സ തേടിയത് 53 പേരാണ്. വെള്ളക്കെട്ടിൽ വീടുകളിലേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ വീട് വൃത്തിയാക്കുന്നവര്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വെള്ളക്കെട്ടിനിടയിലും വീടിന് സമീപത്ത് നിന്ന് പുല്ല് മുറിക്കുന്നതിനിടയിലാണ് പറവൂര്‍ സ്വദേശി മുഹമ്മദിന് പാമ്പ് കടിയേറ്റത്. ഇപ്പോള്‍ ഡയാലിസിസ് കഴിഞ്ഞ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മുഹമ്മദ്. 
മുഹമ്മദിനെ പോലെ പറവൂര്‍, മാഞ്ഞാലി, വരാപ്പുഴ മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേരും പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ പാമ്പ് കടിയേറ്റ് ചികിത്സ തേടി.

വെള്ളക്കെട്ടിലൂടെ ഒഴുകി എത്തുന്ന അണലി, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ എന്നീ ഇനങ്ങളാണ് കൂടുതല്‍ അപകടകാരികള്‍. അതേസമയം പാമ്പ് കടിയേറ്റെന്ന തെറ്റിദ്ധാരണ കൊണ്ടു മാത്രം ചികിത്സ തേടി എത്തുന്നവരും നിരവധിയാണ്. വീട് വൃത്തിയാക്കാന്‍ എത്തുന്നവനര്‍ കൈയ്യുറ ധരിച്ച് വേണം സാധനങ്ങള്‍ എടുത്ത് മാറ്റാനെന്ന് വിദഗ്ധര്‍ പറയുന്നു. അലമാരയ്ക്കിടയിലും വസ്ത്രങ്ങള്‍ക്കിടയിലും വീടിന്‍റെ മച്ചിലും വരെ പാമ്പ് കയറി ഇരിക്കാനുള്ള സാധ്യത ഉണ്ട്. വീടിന് സമീപത്തെ മരങ്ങളില്‍ പോലും ശ്രദ്ധിക്കണം. അനാവശ്യമായ ആശങ്കയല്ല ആവശ്യത്തിനുള്ള ജാ​ഗ്രതയാണ് ഇക്കാര്യങ്ങളിൽ വേണ്ടതെന്നാണ് ഡോക്ടർമാരുടെ പക്ഷം. 

Follow Us:
Download App:
  • android
  • ios