ചെങ്ങന്നൂര്‍: എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്‍ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്‍ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. എസ്എന്‍ഡിപി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പ്രചാരണം കൊഴുപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ ഇന്ന് ചെങ്ങന്നൂരിലെത്തും.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നിലപാട് മുന്നണികള്‍ കാക്കുമ്പോഴാണ് നിര്‍ണ്ണായക തീരുമാനം ഇന്ന് പ്രതീക്ഷിക്കുന്നത്. ഇടതു പക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളിയും, ബിജെപിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോള്‍ എല്‍ഡിഎഫും എന്‍ഡിഎയും ആശയക്കുഴപ്പത്തിലാണ്. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ എസ്എന്‍ഡിപി രാഷ്‍ട്രീയ നിലപാട് പ്രഖ്യാപിക്കും.


ചെങ്ങന്നൂരില്‍ പ്രധാന നേതാക്കള്‍ നാടിളക്കി പ്രചാരണം നയിക്കുമ്പോള്‍ എല്‍ഡിഎഫിന് ആവേശം പകരാന്‍ വി എസ് അച്യുതാനന്ദനും ഇന്ന് ചെങ്ങന്നൂരിലെത്തും.മുളക്കുഴയിലും വെണ്മണിയിലും ഇന്ന് വി എസ് പ്രസംഗിക്കും.മൂന്ന് ദിവസം ക്യാമ്പ് ചെയ്‍താണ് വി എസിന്റെ പ്രചാരണം. വി എസിന് പുറമെ ആര്‍ ബാലകൃഷ്‍ണപിള്ള, എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയവരും ചെങ്ങന്നൂരിലുണ്ട്. പിണറായി വിജയന്‍ 24ന് എത്തും. കോണ്‍ഗ്രസിനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും പ്രചാരണം തുടരുമ്പോള്‍ എ കെ ആന്‍റണി 23ന് എത്തും. ബിജെപി നേതാക്കളുടെ ഗൃഹ സന്ദര്‍ശനങ്ങളും തുടരുകയാണ്.