ദേവസ്വം നിയമനത്തിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എന്‍ഡിപി കോടതിയിലേയ്ക്ക്. സംവരണത്തെ എതിര്‍ക്കുന്ന ബിജെപിയെ സഹായിക്കാനേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കൂവെന്ന് ലീഗും വിമര്‍ശിച്ചു. അതേ സമയം പിന്നാക്കക്കാരുടെ സംവരണം അട്ടിമറിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു.

ദേവസ്വം ബോര്‍ഡ് നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് എസ്.എൻ.ഡി.പിയും മുസ്ലീം ലീഗും രംഗത്തെത്തിയത്. ഇതിനെ നിയമപരമായി നേരിടാൻ എസ്.എന്‍.ഡി.പി കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഭരണാഘടനാ വിരുദ്ധമെന്നാണ് വിമര്‍ശനം. സര്‍ക്കാരിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി

സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുസ്ലീം ലീഗ് മുന്നറിയിപ്പ്. സംവരണത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് തീരുമാനം. പിന്നാക്ക സംവരണം പോലും വേണ്ടെന്നു വാദിക്കുന്ന കേന്ദ്രസര്‍ക്കാരിന് മുന്നിൽ വിഷയം ചെന്നാൽ ഉള്ള സംവരണം കൂടി ഇല്ലാതാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെയും ലീഗ് എതിര്‍ക്കുന്നു. 

അതേ സമയം പ്രകടനപത്രിക വാഗ്ദാനം പാലിച്ചെന്നാണ് സര്‍ക്കാര്‍ മറുപടി. എസ്.എന്‍.ഡി.പി വിമര്‍ശനം വസ്തുത മനസിലാക്കാതെയന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.സര്‍ക്കാര്‍ നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കാക്കര്‍ക്ക് സംവരണത്തിനായി കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്താനും മന്ത്രിസഭ തീരുമാനമുണ്ട്.