ശബരിമലപ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച നവോത്ഥാനസംഘടനകളുടെ യോഗത്തിൽ എസ്എൻഡിപി പങ്കെടുക്കും. നേരത്തേ എൻഎസ്എസ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ആലപ്പുഴ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന നവോത്ഥാനസംഘടനകളുടെ യോഗത്തിൽ എസ്എൻഡിപി പങ്കെടുക്കും. തിരുവനന്തപുരത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് യോഗത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. 

ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാരുമായി ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ആർഎസ്എസിന്‍റെ തീരുമാനം. സിപിഎം നേതൃത്വം ചില ദൂതരെ വിട്ട് എൻഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് സൂചന. യുവതീപ്രവേശനത്തിനെതിരെ കോടതിയെ സമീപിച്ച എൻഎസ്എസ് ഇതുവരെ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. 

കെ.സുരേന്ദ്രന്‍റെയും കെ.പി.ശശികലയുടേയും അറസ്റ്റിനെ വിമർശിച്ച എൻഎസ്എസ് ബിജെപിയോട് കൂടുതൽ അടുക്കുകയാണോ എന്ന് ഇടക്ക് സിപിഎം സംശയിച്ചിരുന്നു. വിധിയെ എതിർക്കുന്നവർക്കിടയിൽ വിള്ളൽ ഉണ്ടാക്കുകയാണ് യോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബിജെപിക്ക് പിന്തുണ നൽകുന്നില്ലെങ്കിലും എൻഎസ്എസ് സർക്കാരിൽ നിന്ന് അകലുന്നതിൽ സിപിഎമ്മിന് ആശങ്കയുണ്ട്. 
ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ ചില ദിവസങ്ങൾ മാറ്റിവെക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടും പന്തളം, തന്ത്രി കുടുംബങ്ങൾ ഇതുവരെ മറുപടി നൽകിയിട്ടില്ല. നിലപാടിൽ പിന്നോട്ട് പോകില്ലെങ്കിലും മുഖ്യമന്ത്രി യോഗത്തിൽ പുതിയ എന്തെങ്കിലും നി‍ർദ്ദേശം മുന്നോട്ട് വെക്കുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു.