കോഴിക്കോട്: വിലക്കയറ്റത്തിൽ സർക്കാർ ഇടപെടുമെന്ന പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു.ഒരാഴ്ചക്കിടെ അരി ഉൾപ്പെടെയുളളവയുടെ പലവ്യഞ്ജനസാധനങ്ങളുടെ വിലയില്‍ 20 രൂപ വരെ വർധനവാണ് ഉണ്ടായത്. റംസാൻ കൂടിയെത്തിയതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

നിത്യോപയോഗ സാധനങ്ങളിൽ അരിയ്ക്കാണ് വില കൂടിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ കുറുവ, പൊന്നി, മട്ട തുടങ്ങിയ ഇനങ്ങൾക്ക് രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെയാണ് വില കൂടിയത്. റംസാൻ ആരംഭിച്ചതോടെ ബിരിയാണി അരിയുടെ വിലയും കുതിച്ചു കയറുകയാണ്. വില അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ കൂടി കിലോയ്ക്ക് 75 രൂപയിൽ എത്തി നിൽക്കുന്നു. പോയ വാരം വിലക്കയറ്റത്തിൽ മുമ്പിൽ നിന്ന് സാധാരണക്കാരെ ‍‍‍‍ഞെട്ടിച്ച വെളുത്തുള്ളി തന്നെയാണ് ഈ വാരവും മുന്നിൽ.

വില വീണ്ടും കൂടി 90 രൂപയിൽ നിന്നും 120 രൂപയിൽ എത്തി നിൽക്കുന്നു. കൂടാതെ കരിമ്പ് വിളവ് കുറഞ്ഞതിന്റെ പേരിൽ ശർക്കരയാണ് വില കൂടുന്ന മറ്റൊരു ഉൽപ്പന്നം.കിലോയ്ക്ക് 48 രൂപ മുതൽ 55 രൂപ വരെയാണ് വില. ഉണക്കമുളകിന്റെ വില കേട്ടാൽ എരിയുക തന്നെ ചെയ്യും.കിലോയ്ക്ക് 145 മുതൽ 155 വരെയാണ് വില. പലവ്യഞ്‍ജനങ്ങൾക്കും വില കുതിക്കുകയാണ്.

പച്ചക്കറികളിൽ തക്കാളി, ഉരുളക്കിഴങ്ങ്, വെണ്ട, ബീൻസ്, മുരിങ്ങയ്ക്കാ,ചെറിയ ഉള്ളി എന്നിവയും വില കൂടുന്നവയിൽപ്പെടും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വർധിച്ച ചൂടിൽ വിളവ് കുറ‍ഞ്ഞതും ഇടനിലക്കാരുടെ ചൂഷണവുമാണ് വിലവർധന കൂടാൻ കാരണമായി പറയുന്നത്. വിലക്കയറ്റം പിടിച്ചുനിറുത്താൻ സർക്കാർ പ്രഖ്യാപനം ഫലം കണ്ടിട്ടില്ലെന്ന് ചുരുക്കം.