തന്നെ പാലക്കാട് മനഃപൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന് ശോഭ സുരേന്ദ്രന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നഗരസഭാ ഉപാദ്ധ്യക്ഷനുമായ സി കൃഷ്ണകുമാര്‍ മുന്‍കൈയ്യെടുത്ത് പാലക്കാട്ടുള്ള പ്രവര്‍ത്തകരെ മലമ്പുഴയിലേക്ക് കൊണ്ടുപോയി. വ്യവസായി വിഎം രാധാകൃഷ്ണനെ കൂട്ടുപിടിച്ചാണ് മലമ്പുഴയില്‍ കൃഷ്ണകുമാര്‍ പ്രചാരണം നടത്തിയതെന്നും സി കൃഷ്ണകുമാറിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യമുന്നയിക്കുന്നു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ പോലും ഇക്കുറി ബിജെപിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നില്‍ കൃത്യമായ ഇടപെടലുകളുണ്ടായിട്ടുണ്ട്. നല്ല വിജയ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് 40,000ലധികം വോട്ടുപിടിച്ചെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല.

താന്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മുതല്‍ തന്നെ തനിക്കെതിരെ ചരടുവലികള്‍ നടന്നു. ജില്ലാ നേതൃത്വത്തില്‍ ചിലര്‍ ഇതിന് കൂട്ടുനിന്നതായും ശോഭ സുരേന്ദ്രന് പരാതിയില്‍ ആരോപിക്കുന്നുണ്ട്. പാലക്കാട് ബിജെപിയില്‍ ശക്തമായൊരു പൊട്ടിത്തെറിക്കാണ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളും പരാതിയും വഴിവെച്ചിരിക്കുന്നത്. 27ന് പാലക്കാട് നടക്കാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലും ഇക്കാര്യം മുഖ്യ ചര്‍ച്ചാവിഷയമായി മാറുമെന്നുറപ്പായി.