മലപ്പുറം:  സമൂഹ മാധ്യമങ്ങളില്‍ വൈറലായി വനിതാ മതിലിന്റെ ഭാഗമായ പ്രകടനത്തില്‍ പങ്കെടുക്കുന്ന അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം. ആറുമാസം പ്രായമുള്ള കുഞ്ഞുമായി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച് നല്‍കുന്നത് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ്. വനിതാ മതിലിനെ പിന്തുണക്കുന്നവർക്കിടയിൽ ആവേശമായി മാറിയിരിക്കുകയാണ് ഇവരുടെ ചിത്രം. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ആതിര.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ പ്രസ്താനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ ലക്ഷക്കണക്കിന് സ്ത്രീകൾ അണിചേർന്നു. രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക പ്രവ‍ർത്തകരും ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സ്ത്രീകൾ വനിതാ മതിലിന്‍റെ ഭാഗമായി.

 

സർക്കാരും മതിലിൽ പങ്കാളികളായ മറ്റു സംഘടനകളും കഴിഞ്ഞ ഒരുമാസം മുഴുവൻ സംഘാടനശേഷിയും പുറത്തെടുത്തപ്പോൾ വനിതാ മതിലിൽ പങ്കാളികളായത് ലക്ഷക്കണക്കിന് സ്ത്രീകളായിരുന്നു. വീട്ടമ്മമാരും വിദ്യാർത്ഥിനികളും തൊഴിലാളികളും പ്രൊഫഷണലുകളും അടക്കം എല്ലാ വിഭാഗം സ്ത്രീകളുടേയും പങ്കാളിത്തം സംഘടനകൾ ഉറപ്പാക്കി. 

 തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. കാസർകോട് മന്ത്രി കെ.കെ.ഷൈലജ വനിതാമതിലിന്‍റെ ആദ്യ പങ്കാളിയായി. തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അവസാന അംഗമായി.