രാഹുലിന്‍റെ നേതൃത്വത്തില്‍ പുതിയ മുന്നേറ്റം നടത്തുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വരവ് കൂടുതല്‍ കരുത്തുപകരുമെന്നാണ് സോഷ്യല്‍ മീഡിയ വര്‍ത്തമാനം.

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കേ പ്രിയങ്കാഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എതിര്‍ രാഷ്ട്രീയക്കാര്‍ വരെ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്യുന്നു. സോഷ്യല്‍ മീഡിയയും പ്രിയങ്കയുടെ വരവ് ആഘോഷമാക്കുകയാണ്. രാഹുലിന്‍റെ നേതൃത്വത്തില്‍ പുതിയ മുന്നേറ്റം നടത്തുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വരവ് കൂടുതല്‍ കരുത്തുപകരുമെന്നാണ് സോഷ്യല്‍ മീഡിയ വര്‍ത്തമാനം.

എഐസിസി പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്. 

ഭാരിച്ച ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മുന്നേറ്റം കോണ്‍ർഗ്രസിന്‍റെ അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ സുപ്രധാന വെല്ലുവിളിയാണ്. എന്നാല്‍ പ്രിയങ്കയക്ക് വലിയ മാറ്റം യുപി തെരഞ്ഞെടുപ്പിലുണ്ടാക്കാനാവുമെന്നാണ് സോഷ്യല്‍ മീഡയയിലെ ഭൂരിപക്ഷം പറയുന്നത്. പ്രിയങ്കയുടെ വരവോടെ 2019ല്‍ കോണ്‍ഗ്രസ് തിരിച്ചുരുമെന്ന പ്രതീക്ഷയിലാണ് അണികള്‍.