Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ വലഞ്ഞ് കോഴിക്കോട്

  • കൊടുവള്ളിയിൽ വച്ച് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്ന ദൃശ്യം പകർത്തിയ പ്രദേശിയ ചാനൽ റിപ്പോട്ടരെ കയ്യേറ്റം ചെയ്തു
  • കയ്യേറ്റം നടത്തിയവർ മുൻപ് കഞ്ചാവ് മയക്കുമരുന്ന് കേസിലെ പ്രതികളായിരുന്നു.
social media harthal kozhikode round up

കോഴിക്കോട്:സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനം നടപ്പാക്കാന്‍ ഒരു സംഘം രംഗത്തിറങ്ങിയതോടെ ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ന്നു. രാവിലെ മുതല്‍ ജില്ലയുടെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടയുകയും കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയും ചെയ്തു. ബലമായി കടകള്‍ അടപ്പിക്കാനും ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം ആളുകള്‍ ചോദ്യം ചെയ്തതോടെ പലയിടത്തും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. 

രാവിലെ മുതല്‍ ആളുകള്‍ സംഘം ചേര്‍ന്ന് വഴി തടയുകയും പ്രധാന റോഡുകളില്‍ മാര്‍ഗതടസം സൃഷ്ടിക്കുകയുമായിരുന്നു. മൈസൂർ- കോഴിക്കോട്  ദേശീയപാതയിലടക്കം ഇവര്‍ വാഹനങ്ങള്‍ തടഞ്ഞു. ജനകീയ സമിതി എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരുന്നത്. 

ജില്ലയിൽ താമരശേരി പരപ്പൻപൊയിൽ,  ചുടലമുക്ക്, ഈങ്ങാപ്പുഴ, പുനൂർ, കൊടുവള്ളി, വടകര,പേരാന്പ്ര, ഉള്ള്യേരി, പൂനൂർ, കോരങ്ങാട്, ഓമശേരി മുടൂർ തുടങ്ങിയ ഭാഗങ്ങളിൽ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങൾ തടഞ്ഞു.താമരശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ കടകൾ പൂർണമായും അടഞ്ഞ് കിടക്കുകയാണ്. കോഴിക്കോട് മിഠായിത്തെരുവിൽ രാവിലെ 11 മണിയോടെ കടകളടപ്പിക്കാൻ ശ്രമമുണ്ടായി. കൊടുവള്ളിയിൽ പൊലീസ് നോക്കി നിൽക്കവെയാണ് ഒരുപറ്റം യുവാക്കൾ വാഹനങ്ങൾ തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തിയത്. പലയിടത്തും പൊലീസെത്തിയാണ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചത്. 

കൊടുവള്ളിയിൽ വച്ച് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്ന ദൃശ്യം പകർത്തിയ പ്രദേശിയ ചാനൽ റിപ്പോട്ടരെ കയ്യേറ്റം ചെയ്തു. സ്പൈഡർ നെറ്റ് റിപ്പോർട്ടർ റാഷി കെവിആറിന് നേരെയാണ് കയ്യറ്റം നടന്നത്. കയ്യേറ്റം നടത്തിയവർ മുൻപ് കഞ്ചാവ് മയക്കുമരുന്ന് കേസിലെ പ്രതികളായിരുന്നു. ഇവർ റാഷിയെ മർദ്ദിക്കുകയും, പ്രസ് ടാഗ് അടക്കം നശിപ്പിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios