Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ എന്താ ഇന്ത്യയുടെ ഭാഗമല്ലേ; പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം

പ്രളയക്കെടുതിയില്‍ ഒരു സംസ്ഥാനം തന്നെ നിശ്ചലമായിട്ടും ഇതൊരു ദേശീയ ദുരന്തമായി കണക്കാക്കാൻ കേന്ദ്രത്തിനോ എന്തിനും ഏതിനും മുദ്രാവാക്യങ്ങൾ മുഴക്കി മുറ വിളി കൂട്ടുന്ന നേതാക്കൾക്കോ കഴിഞ്ഞിട്ടില്ലെന്നാണ് ജനങ്ങളുടെ ആരോപണം

social media protest against central government
Author
Trivandrum, First Published Aug 17, 2018, 5:27 PM IST

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളം ദുരിതത്തില്‍ മുങ്ങുമ്പോള്‍ അത് ദേശീയ ദുരന്തമാക്കി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നു. അവസ്ഥകള്‍ മോശമാകുമ്പോഴും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യപിക്കാത്തതിന് കാരണം ആവശ്യപ്പെട്ടുള്ള കാമ്പയിനും നവമാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ദുരിതപെയ്ത്തിനെ തുടർന്ന് സംസ്ഥാനം മുഴുവനും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും നൂറ് കണക്കിന് ആളുകൾ മരണപ്പെടുകയും ചെയ്തു.

കലി തുള്ളി എത്തിയ  മഴയിൽ  ആയിരക്കണക്കിന് ആളുകള്‍ വീടുകളുടെ മുകളില്‍ കയറി നിന്ന് ജീവന് വേണ്ടി കേണപേക്ഷിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ലക്ഷത്തോളം പേരാണ് അഭയം തേടിയത്.  ചെറുതും വലുതുമായ 79 അണക്കെട്ടുകള്‍ തുറന്നു. കൂടാതെ, രാജ്യത്തെ നാലാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചുപൂട്ടുകയും റോഡുകളും പാലങ്ങളും ഒഴുകിപ്പോവകയും ചെയ്തു.

പ്രളയക്കെടുതിയില്‍ ഒരു സംസ്ഥാനം തന്നെ നിശ്ചലമായിട്ടും ഇതൊരു ദേശീയ ദുരന്തമായി കണക്കാക്കാൻ കേന്ദ്രത്തിനോ എന്തിനും ഏതിനും മുദ്രാവാക്യങ്ങൾ മുഴക്കി മുറ വിളി കൂട്ടുന്ന നേതാക്കൾക്കോ കഴിഞ്ഞിട്ടില്ലെന്നാണ് ജനങ്ങളുടെ ആരോപണം. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന് തോന്നുന്നത് കൊണ്ടാണോ സംസ്ഥാനത്തെ ഇത്തരത്തിൽ അവഗണിക്കുന്നതെന്നുമുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

എത്രയോ കോടികളുടെ നാശനഷ്ടമാണ് കേരളക്കരയിൽ ഉണ്ടായിരിക്കുന്നത്. എന്നിട്ടും കേന്ദ്ര സർക്കാർ പ്രാഥമികമായി അനുവദിച്ചത്  100 കോടിയുടെ സഹായം മാത്രമാണ്. അതേസമയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്.

ബാക്കിയുള്ള ജില്ലകളില്‍ മഴയുടെ അളവില്‍ നേരിയ കുറവുകൾ അനുഭവപ്പെടുന്നുണ്ട്. പ്രളയം ബാധിച്ച എല്ലാ മേഖലകളിലും വിവധ രക്ഷാപ്രവര്‍ത്തക സംഘങ്ങൾ ഒരുമിച്ച് കൈകോർത്തു കൊണ്ട് രക്ഷാദൈത്യത്തിൽ ഏർപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios