യെദ്യൂരപ്പ രാജിവച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴക്കാലമാണ്
യെദ്യൂരപ്പ രാജിവച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴക്കാലമാണ്. ട്രോള്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയും കൂടി സംഭവം അങ്ങ് കലക്കി. സാരമില്ല ടേക് ഇറ്റ് ഈസി എന്ന ട്രോളാണ് ആദ്യമെത്തിയത്.

'തടിയൂരപ്പാ' എന്ന ഒറ്റവാക്കിലാണ് ചില തത്സമയ ട്രോളുകളെത്തിയത്.

അമിത്ജി റൈറ്റ് നൗ എന്ന് തലക്കെട്ടിൽ ചതിയൻ ചന്തുവിന്‍റെ ചിത്രവും സെക്കന്‍റുകൾക്കുള്ളിൽ എത്തി.

തോറ്റവർക്ക് ഓടാനുള്ള കണ്ടത്തിന്‍റെ ചിത്രം എത്താനും താമസം വന്നില്ല.

'എന്നെക്കൊണ്ട് ഇത് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ'.. അറയ്ക്കൽ അബു ഷാജി പാപ്പനോട് പറഞ്ഞ ഡയലോഗ് ട്രോളാകുമ്പോൾ യെദ്യൂരപ്പ അമിത് ഷായോടാണ് പറയുന്നത്.

പൊരിഞ്ഞ പോരാട്ടമായിരുന്നുവെന്ന് പറഞ്ഞ് കൈലിമുണ്ട് മടക്കി കക്ഷത്തിൽ വച്ച് വരുന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടനും യെദ്യൂരപ്പയുടെ മുഖം.

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത ദിവസം ആശംസകളർപ്പിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഇട്ട പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടിനൊപ്പം ഇന്നസെന്‍റിന്‍റെ മുഖം ചേർത്തുവച്ച് ഒരു സയലന്‍റ് ട്രോൾ.

'ഞാനാ കസേരയെ ഒന്നിഷ്ടപ്പെട്ട് വരുവാരുന്നു' മേലേപ്പറമ്പിൽ ആൺവീട്ടിലെ നരേന്ദ്രപ്രസാദിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗ് ട്രോളൻമാർ തിരുത്തുന്നു.

ബിജെപി പ്രവർത്തകർ പായസം വയ്ക്കുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പിങ്ങനെ
"സാരല്യ ശശിയേ.., ആ ചെമ്പങ്ങട് താഴ്ത്തിക്കാളീ..."

"ആശാനേ അമിട്ട് കറക്ട് പൊട്ടീട്ടാ" എന്ന് പറയുന്നത് മഹേഷിന്‍റെ പ്രതികാരം ഫേം വിജേഷ്.

വിശ്വാസവോട്ട് വിജയിപ്പിക്കാൻ തന്ത്രങ്ങൾ സ്യൂട് കെയ്സിലാക്കി ട്രോളൻമാരുടെ സ്ഥിരം ബലിമൃഗം പവനായി ഇത്തവണയും എത്തി.

ഇത്ര പെട്ടെന്ന് ഞാൻ പിഎസ്‍സി ചോദ്യവും ആയോ എന്ന് ഗർവാസീസ് ആശാന്‍റെ ശബ്ദത്തിൽ ഐസിയു ട്രോളിൽ യദ്യൂരപ്പ ചോദിക്കുന്നു.

സുപ്രീം കോടതി ചെറുതായിട്ടൊന്ന് ചതിച്ചതാണെന്നാണ് മായാവിയുടെ ആശാൻ സ്രാങ്ക് ചമ്മൽ മറച്ചു പറയുന്നത്. ആശാനും മായാവിയും ആരാണെന്നോർത്താൽ ട്രോളിലെ ചിരി തെളിയും.

കർണ്ണാടകത്തിലെ നീക്കം ചെങ്ങന്നൂരിൽ നേട്ടമാകും എന്ന കുമ്മനത്തിന്‍റെ പ്രസ്ഥാവനയ്ക്ക് മേൽ ചിരിയുണ്ടാക്കാൻ ട്രോളൻമാർക്ക് വലിയ പണിയൊന്നും വേണ്ടിവന്നില്ല.

വേറൊരു ട്രോളിൽ നിലത്ത് ചടഞ്ഞിരിക്കുന്ന യദ്യൂരപ്പയുടെ ഫയൽ ചിത്രത്തിനൊപ്പം വാക്കുകളൊന്നുമില്ല, കുറച്ച് പൊട്ടിച്ചിരി ഇമോജികൾ മാത്രം.

ഹർത്താൽ ദിവസം ഫേസ്ബുക്ക് ലൈവിൽ വാവിട്ട വാക്കെറിഞ്ഞതിന് അകത്തായ ശ്രീജിത് പന്തളത്തേയും ട്രോളൻമാർ വെറുതെ വിട്ടില്ല. കർണ്ണാടകം ഞങ്ങൾ ഭരിക്കുമെന്ന മേൽക്കുറിപ്പോടെ ശ്രീജിത് പന്തളത്തിന്‍റെ ലൈവ് റീഷെയർ ചെയ്തത് fb അക്കൗണ്ടിന് ഹുന്ത്രാപ്പി ബുസാട്ടോ എന്ന വിചിത്ര പേരിട്ട ട്രോളൻ.

ട്രോൾ മഴ തുടരുകയാണ്. എടുക്കുമ്പോളൊന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ആയിരം എന്ന മട്ടിൽ മിനുട്ടുവച്ച് കർണ്ണാടക ട്രോളുകൾ സോഷ്യൽ മീഡിയയിൽ പെരുകുകയാണ്. ഏതായാലും സംഘപരിവാർ അനുകൂല ട്രോൾ ഗ്രൂപ്പുകളെല്ലാം നിലവിൽ നിശ്ശബ്ദമാണ്. എങ്കിലും പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് എന്നെല്ലാം പറഞ്ഞ് ചിലരെങ്കിലും ആവുംവിധം പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മുകളിൽ കണ്ട മാതിരിയുള്ള ട്രോളുകളുടെ മലവെള്ളപ്പാച്ചിലിന് ഇടയിൽ ഉത്സവം നടത്താൻ തൽക്കാലം ജഗന്നാഥൻ ശകലം പാടുപെടും.

