വിട്ടയക്കണമെങ്കില്‍ 15 ലക്ഷം ആവശ്യപ്പെട്ട് മെസേജ്  

ഗാസിയാബാദ്:കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി വീട്ടിലേക്ക് പോയ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെ തട്ടിക്കൊണ്ട് പോയതായി പൊലീസ്. ഹരിദ്വാറിലെ റാണിപുര്‍ സ്വേദശിയായ രാജീവ് കുമാര്‍ ഗാസിയാബാദിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയായിട്ടും വീട്ടില്‍ രാജീവ് എത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഗാസിയാബാദില്‍ എത്തി. എന്നാല്‍ രാത്രി 11 മണിയോടെ രാജീവിന്‍റെ ഭാര്യ രേണുവിന്‍റെ മൊബൈലിലേക്ക് ഇയാളുടെ നമ്പറില്‍ നിന്ന് മെസേജ് വന്നു.

ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയന്നും വിട്ടയക്കണമെങ്കില്‍ 15 ലക്ഷം തരണമെന്നുമായിരുന്നു മെസേജ്. പൊലീസിനെ വിവരമറിയിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭാര്യയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് രാജീവ് കുമാറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.