ബെംഗളുരു: ബെംഗളൂരുവില്‍ സോഫ്റ്റ്|വെയര്‍ എഞ്ചിനീയറായ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഒഡീഷ സ്വദേശി പ്രണോയ് മിശ്രയാണ് പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്.മോഷണശ്രമത്തിനിടെയല്ല കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബെംഗളൂരു മഡിവാള ചോക്‌ളേറ്റ് ഫാക്ടറിക്കടുത്താണ് ഒഡീഷക്കാരനായ പ്രണോയ് മിശ്ര ദാരുണമായി കൊല്ലപ്പെട്ടത്. നഗരത്തിലെ പ്രശസ്തമായ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു പ്രണോയ്. സുഡ്ഗുണ്ട പാളയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു താമസം. അവിടെ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രണോയ് കൊല്ലപ്പെടുന്നത്. താമസിക്കുന്ന ഇടത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറി റോഡരികില്‍ ശരീരമാസകലം കുത്തേറ്റ നിലയിലാണ് പ്രണോയിയെ കണ്ടത്. അതുവഴി വന്നവര്‍ മഡിവാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നിലധികം പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. വരാന്‍ താമസിച്ചതിനെത്തുടര്‍ന്ന് പെണ്‍സുഹൃത്ത് പലതവണ പ്രണോയിയെ വിളിച്ചു. രക്ഷിക്കാനെത്തിയവര്‍ ഫോണെടുത്ത് വിവരം പറഞ്ഞപ്പോളാണ് സുഹൃത്ത് സംഭവം അറിയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ഫോണും പഴ്‌സിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടില്ല. മോഷണമല്ല കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തില്‍ പൊലീസ് എത്താനുളള കാരണവും ഇതാണ്. 2014 മുതല്‍ ബെംഗളൂരുവിലാണ് പ്രണോയ്. യുവാവിന്റെ ഒഡീഷക്കാരിയായ പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ബെംഗളൂരുവില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും പ്രണോയിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. യുവാവിന്റെ സഹോദരി കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ഇവരില്‍ നിന്നും വിവരങ്ങള്‍ തേടി. കമ്പനിയിലും അന്വേഷണം നടത്തി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ദുരൂഹത നീക്കുമെന്നും ബെംഗളൂരു സൗത്ത്!വെസ്റ്റ് ഡിസിപി പറഞ്ഞു.