മുംബൈ: ബിജെപി അധ്യക്ഷൻ അമിത്ഷാ പ്രതിപ്പട്ടികയിൽ ഉള്ള സൊറാബുദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബോംബെ ഹൈക്കോടതി നീക്കി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നാണ് കോടതി മാധ്യമങ്ങളെ വിലക്കിയിരുന്നത്.
നീതി നടപ്പാക്കിയാൽ മാത്രം പോര, ഇത് നടപ്പാക്കിയെന്ന് മറ്റുള്ളവരെ ധരിപ്പിക്കുക കൂടിയാണ് തുറന്ന കോടതിയുടെ ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രേവതി മോഹിത് ദേരെ വിലക്ക് നീക്കിയത്. നവംബറിൽ മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയ സിബിഐ കോടതി നടപടി അധികാരങ്ങളുടെ ദുരുപയോഗമാണെന്നും ഇത്തരം കൂച്ചുവിലങ്ങുകൾക്കു പ്രസക്തിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മാധ്യമങ്ങളെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നിരത്തിയ വാദങ്ങൾ കോടതി തള്ളി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കുന്ന ഒരു വകുപ്പ് ഈ കേസിൽ കാണാൻ കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ മാധ്യമങ്ങളെ റിപ്പോർട്ടുകൾ നൽകുന്നതിൽനിന്നു വിലക്കിയതിനെതിരേ മുംബൈയിൽനിന്നുള്ള ഒന്പത് മാധ്യമപ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. വിരമിച്ചവരും സർവീസിലുള്ളവരുമായ നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണ് സൊറാബുദീൻ ഏറ്റുമുട്ടൽ കേസ്.
