ആശുപത്രിയിൽ വച്ച് ബിസ്മിന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും സഹായം തേടുന്നതും ദൃശ്യങ്ങളിലുണ്ട്. 19 നാണ് ബിസ്മിൻ മരിച്ചത്.
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലംകോണം സ്വദേശി ബിസ്മിൻ ചികിത്സയ്ക്കായി കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിളപ്പിൽശാല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ തിങ്കഴാഴ്ച രാത്രിയാണ് കൊല്ലംകോണം സ്വദേശിയായ ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് വിളപ്പിൽശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിംഗ് ബെൽ അടിച്ചതിനും ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നതെന്നാണ് പരാതിയിൽ പറയുന്നത്. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്റെ പരാതി. കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിൻ മരിച്ചു.
ബിസ്മിൻ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഭാര്യ ജാസ്മിൻ സഹായത്തിനായി പരിഭ്രാന്തയാകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിസ്മിന്റെ കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ചികിത്സ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിളപ്പിൽശാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിശദീകരണം. ഓക്സിജൻ സപ്പോർട്ട് നൽകിയിരുന്നു. നെബുലൈസേഷനും മരുന്നും നൽകിയിരുന്നെന്നാണ് വിശദീകരണം. ഹൃദയ സംബന്ധമാണ് രോഗത്തിന് ബിസ്മിൻ ചികിത്സയിലായിരുന്നു. മുമ്പും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 37 വയസ്സായിരുന്നു ബിസ്മിന്. 11ഉം 5ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.



