ആലപ്പുഴ: രാജ്യത്തെ ആദ്യ സോളാര്‍ യാത്രാ ബോട്ട് നീറ്റിലിറങ്ങീട്ട് ഒരു വര്‍ഷം. ഇതു വഴി ജലഗതാഗത വകുപ്പിന് 22 ലക്ഷം രൂപ വാര്‍ഷിക ലാഭം. വൈക്കം തവണക്കടവ് ഫെറിയിലെ യാത്രാ ബോട്ടാണ് ജലഗതാഗത വകുപ്പിന് ലാഭം നേടിക്കൊടുത്തത്.
സാധാരണ ഡീസല്‍ ബോട്ടുകള്‍ക്ക് ഒരു ദിവസം സര്‍വീസ് നടത്താന്‍ ഏഴായിരം രൂപയോളമാണ് ചെലവ്. എന്നാല്‍ സൗരോര്‍ജ്ജ ബോട്ട് സര്‍വീസ് ആരംഭിച്ചതോടെ ഒരു ദിവസം 163 രൂപയുടെ ചെലവുമാത്രമാണുണ്ടാകുന്നത്. ഇവിടെ സര്‍വീസ് നടത്തുന്ന സാധാരണ ബോട്ടിന് ഒരു വര്‍ഷം ഡീസല്‍ ഇനത്തില്‍ മാത്രം 22 ലക്ഷം രൂപയോളം ചിലവ് വരുന്നു. എന്നാല്‍ സോളാര്‍ ബോട്ടിന് ഒരു വര്‍ഷം ആകെ ചിലവായത് 73,000 രൂപ മാത്രമാണ്. ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സോളാര്‍ ബോട്ടിന് തകരാറ് സംഭവിച്ചിരുന്നില്ല.
ഒന്നരക്കോടി രൂപയായിരുന്നു സോളാര്‍ ബോട്ടിന്റെ നിര്‍മ്മാണ ചിലവ്. കുസാറ്റ് യൂണിവേഴ്‌സിറ്റി ഷിപ്പ് ടെക്‌നോളജി പഠനത്തിന്റെ അടിസ്ഥാനത്തില്‍ 'ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലായിരുന്നു നിര്‍മ്മാണം. 20 മീറ്റര്‍ നീളവും 7 മീറ്റര്‍ ആഴവും ഉള്ള ബോട്ടില്‍ 75 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഉണ്ട്. 14 മീറ്റര്‍ വേഗതയില്‍ ബോട്ട് സഞ്ചരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം വൈക്കത്താണ് സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബോട്ടിന്റെ മുകളിലെ സോളാര്‍ പാനലുകളിലൂടെ ലഭിക്കുന്ന ഊര്‍ജമുപയോഗിച്ചാണ് ബോട്ട് ഓടുന്നത്. ശബ്ദ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്നതും സോളാര്‍ ബോട്ടിന്റെ പ്രത്യേകതയാണ്. ധനപരമായും മലനീകരണവും കുറഞ്ഞ സോളാര്‍ ബോട്ട് പദ്ധതി കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് നാട്ടുകാര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
