തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ സരിതാ നായർ ഉറച്ചുനിന്നാൽ കേസന്വേഷണം തുടങ്ങുന്നതിന് സംസ്ഥാന പൊലീസിന് തടസമില്ലെന്ന് നിയമവിദഗ്ധർ. എന്നാൽ സരിതയുടെ പരാതിയുടെയും കത്തിന്‍റെയും മാത്രം അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് പോകില്ല. സരിതയുടെ വിശദമായ മൊഴിയെടുത്തശേഷം എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയാണ് ഉചിതമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ലൈംഗിക പീഡന ആരോപണത്തിൽ സരിതയയുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തുകയാണ് അന്വേഷണസംഘം ചെയ്യേണ്ടെതെന്ന് നിയമവിദഗ്ധർ പറയുന്നു. പരാതിയിൽ സരിത ഇപ്പോഴും ഉറച്ചുനിൽക്കുന്നോയെന്ന് ആദ്യം ഉറപ്പുവരുത്തണം. പീഡനം നടന്നോയെന്നും ഉഭയസമ്മതം ഇല്ലാതെയായിരുന്നോ എന്നും പരിശോധിക്കണം. ഇക്കാര്യം ബോധപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ തടസമില്ല.

എന്നാല്‍ കേസിന്‍റെ മുന്നോട്ടുള്ള പോക്കിന് നിലവിലെ തെളിവുകൾ പര്യാപപ്തല്ല. പ്രത്യേകിച്ചും ആരോപണങ്ങളിൽ സരിത തന്നെ മുൻപ് പലതവണ നിലപാട് മാറ്റിയിട്ടുളളതിനാൽ. മാത്രവുമല്ല എഫ് ഐ ആ‍ രജിസ്റ്റർ ചെയ്താൽ തുടർനടപടികൾ കോടതിയുടെ സൂക്ഷ്മ പരിശോധനക്ക് വരുമെന്ന കാര്യം ഉറപ്പാണ്. ഇതിനാൽ കരുതലോടെ മാത്രമേ അന്വേഷണസംഘത്തിന് നീങ്ങാനാകൂ.

സോളാറിലെ ലൈംഗീക പീഢനാരോപണം വിജിലന്‍സിന്‍റെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കമ്മീഷന്‍ നിഗമനങ്ങള്‍ അന്വേഷണ സംഘത്തിന് തെളിവായി സ്വീകരിക്കേണ്ട ബാധ്യതയില്ലെന്നും നിയമവിദഗ്ധർ പറയുന്നു.