തിരുവനന്തപുരം: സോളാര്‍ ജുഡിഷ്യൽ കമ്മിഷൻ റിപ്പോര്‍ട്ട് നാളെ നിയമസഭയിൽ വയ്ക്കും. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജസ്റ്റിസ് അരജിത് പാസായത്തിന്‍റ നിയമോപദേശത്തോടെ നടക്കാതെയായി. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം പ്രതിചേര്‍ത്ത് കേസെടുത്താൽ നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം .

ലൈംഗിക പീഡനപരാതിയുടെ അടിസ്ഥാനത്തിൽ മാത്രം പ്രതി ചേര്‍ത്ത് കേസ് എടുത്താൽ നിയമ പരമായി നിലനില്‍ക്കില്ലെന്ന് ഉപദേശമാണ് ജസ്റ്റിസ് അരജിത് പാസായത്ത് നല്‍കിയത്. ബന്ധം സമ്മത പ്രകാരമെന്ന വ്യാഖ്യാനം വരാം .പ്രമുഖര്‍ ഉള്‍പ്പെട്ട കേസിൽ കരുതൽ വേണമെന്നാണ് നിയമോപദേശം . ഈ സാഹചര്യത്തിൽ പരാതിയിൻമേൽ പ്രാഥമികാന്വേഷണം നടത്തണം . പരാതിയിൽ വസ്തുതയുണ്ടെന്ന് വെളിപ്പെട്ടാൽ പ്രതി ചേര്‍ത്ത് കേസെടുക്കാം . വകുപ്പുകള്‍ ചുമത്തി തുടര്‍ നടപടികള്‍ എടുക്കാം . അതേ സമയം അഴിമതിക്കേസുകള്‍ തുടരാമെന്നാണ് നിയമോപദേശം.

നേരത്തെ പ്രഖ്യാപിച്ച നടപടികള്‍ക്ക് പകരം പൊതു അന്വേഷണത്തിനാണ് മന്ത്രിസഭാ തീരുമാനം . നിയമസെക്രട്ടറി അറിയാതെ എ.ജിയിൽ നിന്ന് നിയമോപദേശം വാങ്ങി അന്വേഷണം പ്രഖ്യാപിച്ചിട്ടും ഉത്തവിറക്കാനാകത്ത മുഖ്യമന്ത്രി കടുത്ത വിമര്‍‍ശനമാണ് നേരിടുന്നത് . സോളാറിലൂടെ പ്രതിപക്ഷത്തെ കുരുക്കാമെന്ന് മേല്‍ക്കൈയാണ് ഇതോടെ ഭരണപക്ഷത്തിന്‍ നഷ്ടമായത്. റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ ഇപ്പോഴുണ്ടായ വീഴ്ച മറികടക്കാമെന്ന്ഭരണ പക്ഷം കണക്കു കൂട്ടുന്നു

പ്രത്യേക സഭാ സമ്മേളനത്തിൽ കെ.എന്‍.എ. ഖാദറിന്‍റെ സത്യപ്രതിജ്ഞയ്ക്കേ് ശേഷമാകും സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് . തുടര്‍ നടപടികളെക്കുറിച്ചും മുഖ്യമന്ത്രി പ്രസ്താവന നടത്തും. എന്നാൽ ചര്‍ച്ചയുണ്ടാകില്ല. നിയമസഭാ സമ്മേളനത്തിന് ശേഷം സോളാര്‍ പ്രതിരോധത്തെക്കുറിച്ച് ആലോചിക്കാൻ യു.ഡി.എഫ് നേതാക്കള്‍ തലസ്ഥാനത്ത് ചേരും.