കൊച്ചി: മുഖ്യമന്ത്രിക്ക് സോളാര്‍ കമ്മീഷന്റെ നോട്ടീസ്. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഫെനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴി കളവാണെന്ന് കാട്ടിയാണ് വീണ്ടും വിസ്തരിക്കണമെന്ന് ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടത്. കമ്മീഷന് മുന്നില്‍ ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും, ഫെനിയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മൊഴി നല്‍കിയിരുന്നു. സോളാര്‍ കമ്മീഷന്‍ പിന്നീട് ഫെനി ബാലകൃഷ്ണന്റെ ഫോണ്‍രേഖകള്‍ പരിശോധിക്കുകയും, മുഖ്യമന്ത്രിയുടെ ഫോണിലേക്ക് നാല് തവണ വിളിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. കമ്മീഷന് മുന്നില്‍ ഫെനി ഇത് സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നല്‍കിയ മൊഴി കളവാണെന്ന് ലോയേഴ്‌സ് യൂണിയന്‍ വാദിക്കുന്നത്.
ഈ മാസം 26ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സോളാര്‍ കേസിലെ സാക്ഷികളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വിസ്താരം ഇനി മെയ് 16ന് ശേഷമേ ഉണ്ടാകൂ. അതേസമയം പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം മറ്റുള്ളവരുടെ വിസ്താരം തുടരാനും കമ്മീഷന്‍ തീരൂമാനിച്ചു.
