തിരുവനന്തപുരം: അരിജിത് പാസായത്തിന്‍റെ നിയമോപേദശത്തിന്‍റെ അടിസ്ഥാനത്തിൽ സോളാര്‍ കേസിലെ തുടര്‍ നടപടികള്‍ നാളത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവും ഇറങ്ങും. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സോളാര്‍ കമ്മിഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ ശക്തമായ നേരിടാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.

എ.ജിയുടെയും ഡയറക്ടര്‍ ജനറൽ ഓഫ് പ്രൊസിക്യൂഷന്‍റെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സോളാറിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണവും കേസുകളും രാഷ്ട്രീയപ്രേരിത നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു . ഉമ്മൻ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ മാസം പതിനൊന്നിന് മന്ത്രിസഭ തീരുമാനമെടെത്തെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. സരിതയുടെ ലൈംഗിക പീഡന പരാതിയിൽ നിലവിൽ അന്വേഷണമുള്ളതിനാൽ പുതിയ കേസെടുക്കാൻ കഴിയുമോ.

കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ എങ്ങനെ പുന:പരിശോധന നടത്തും തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു .പരിഗണനാവിഷയങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് സോളാര്‍ കമ്മിഷൻ കടന്നുവെന്ന വിമര്‍ശനവുമുണ്ടായി . ഈ സാഹചര്യത്തിലാണ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരജിത് പാസായത്തിന്‍റെ നിയമോപദേശം തേടിയത് . നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. സോളാര്‍ റിപ്പോര്‍ട്ട് പുറത്തു വരുന്പോഴും യു.ഡി.എഫ് നേതാക്കളുടെ മുണ്ട് അരയിൽ തന്നെ കാണുമെന്നാണ് സി.പി.എമ്മിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി .

കടുത്ത പ്രതിരോധത്തിലാകുന്നതൊന്നും സോളാര്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കള്‍ . സോളാര്‍ കമ്മിഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹളത്തിൽ മുങ്ങാനാണ് സാധ്യത . സര്‍ക്കാരിന്‍റെ സോളാര്‍ ആക്രമണത്തെ തോമസ് ചാണ്ടി വിഷയം എടുത്ത് തിരിച്ച് ആക്രമിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും സര്‍ക്കാര്‍ എടുത്ത നടപടികളെയും കുറിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും .എന്നാൽ ഇതേക്കുറിച്ച് ചര്‍ച്ചയുണ്ടാവില്ല . തത്സമയ സംപ്രേഷണത്തിന് മാധ്യങ്ങളെ അനുവദിക്കും.